റിയാദ് :സംസ്ഥാന സര്‍ക്കാരിന്റെ മലയാളം മിഷന്‍ -സാക്ഷരത മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ‘, എന്റെ മലയാളം ‘സാക്ഷരപദ്ധതി കവി കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

കേവലം അക്ഷര സാക്ഷരതക്കുപരി ആരോഗ്യം, നിയമം, സാമ്പത്തികം, പരിസ്ഥിതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലെല്ലാം പ്രവാസികള്‍ക്ക് സമ്പൂര്‍ണ സാക്ഷരത കൈവരിക്കാനുപകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം പദ്ധതി പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

റിയാദിലെ അല്‍ ഹയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിന് കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗം പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു.സീബ അനിരുദ്ധന്‍ പദ്ധതി ലക്ഷ്യങ്ങള്‍ വിവരിച്ചു.

നബീല കാഹിം, ചിത്ര സതീഷ് എന്നിവര്‍ സംസാരിച്ചു.കെ. ആര്‍. ഉണ്ണികൃഷ്ണന്‍, റഷീദ് മേലേതില്‍, മുഹമ്മദ് കുഞ്ഞു വള്ളികുന്നം, കുഞ്ഞിരാമന്‍ മയ്യില്‍, കുടുംബ വേദി പ്രവര്‍ത്തകര്‍ തുടങ്ങി അനവധി ആളുകള്‍ പങ്കെടുത്തു. റിയാദ് ആക്ടിങ് സെക്രട്ടറി മാജിദ ഷാജഹാന്‍ സ്വാഗതവും ഷൈനി അനില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് : ഷിബു ഉസ്മാന്‍, റിയാദ്