റിയാദ്: മതനിരപേക്ഷത ശക്തിപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും രാജ്യത്ത് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനില്‍പ്പാണ് വേണ്ടതെന്നും ‘ഇന്ത്യ എങ്ങോട്ട്’ എന്ന വിഷയത്തില്‍ കേളി ബത്ഹ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍.

ചരിത്രത്തെ വര്‍ഗീയവല്‍ക്കരിച്ചും എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കിയും ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചും ഇന്ത്യ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധം കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങുന്ന ദയനീയ അവസ്ഥയാണുള്ളതെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു. ബത്ഹ ഏരിയ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ ശശികുമാര്‍ വിഷയം അവതരിപ്പിച്ചു. കെ ടി ബഷീര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

വര്‍ഗീയതക്കും ആഗോളവല്‍ക്കണനയങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ എല്ലാവരുടെയും യോജിപ്പാണ് ഇന്ന് വേണ്ടതെന്ന് കെ.ടി ബഷീര്‍ പറഞ്ഞു. ഏരിയ സെക്രട്ടറി പ്രഭാകരന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ടി.ആര്‍ സുബ്രഹ്മണ്യന്‍ മോഡറേറ്ററായി. ബഷീര്‍ കോഴിക്കോട്, സിജിന്‍ കൂവള്ളൂര്‍, നൗഫല്‍ പൂവക്കുറുശ്ശി, രാജേഷ് കാടപ്പടി, വിശ്വംഭരന്‍ എന്നിവര്‍ വിഷയം ചര്‍ച്ച ചെയ്തു. കേളി ആക്ടിംഗ് രക്ഷാധികാരി ദസ്തകീര്‍, ശിവദാസന്‍, അനില്‍ അറക്കല്‍, പ്രിയേഷ്, സുധാകരന്‍ കല്ല്യാശ്ശേരി, പ്രദീപ് രാജ്, ഒ.പി മുരളി, ജോഷി പെരിഞ്ഞനം എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി നന്ദി പറഞ്ഞു.