എഡിറ്റര്‍
എഡിറ്റര്‍
ചില്ലറവ്യാപാരം: വിദേശ നിക്ഷേപത്തിന് അനുമതി പിന്‍വലിച്ച് കെജ്‌രിവാള്‍
എഡിറ്റര്‍
Monday 13th January 2014 6:56pm

fdi-3

ന്യൂദല്‍ഹി:  ദല്‍ഹിയില്‍ എഫ്.ഡി.ഐ റീടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് കൊണ്ടുള്ള കത്ത് കെജ്‌രിവാള്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന് കൈമാറി. ഇതോടെ എഫ്.ഡി.ഐ റീടെയ്ല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള അനുമതി പിന്‍വലിക്കുന്ന ആദ്യ സംസ്ഥാനമായി ദല്‍ഹി മാറി.

നേരത്തെ ദല്‍ഹി ഭരിച്ചിരുന്ന ഷീല ദീക്ഷിത് സര്‍ക്കാരാണ് സംസ്ഥാനത്ത്  റീട്ടെയില്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത്.

ദല്‍ഹിക്ക് പുറമെ മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് റീട്ടെയില്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഡി.പി.ഐ.പി.പിക്ക് സമ്മതം നല്‍കിയിരുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ റീട്ടെയില്‍ കേന്ദ്രങ്ങള്‍ക്ക് ഷീല ദീക്ഷിത് നല്‍കിയ അനുമതി പിന്‍വലിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ വിദേശനിക്ഷേപത്തിന് എതിരല്ലെന്നും മേഖലാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കേണ്ടതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ വളരെ വലിയൊരു പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹിയില്‍ ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മ അധികമാണെന്നും അത് വര്‍ധിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കെജ്‌രിവാള്‍ നല്‍കിയ കത്ത് പരിശോധിച്ച് വരികയാണെന്ന് ഡി.ഐ.പി.പി വൃത്തങ്ങള്‍ അറിയിച്ചു.

സഖ്യകക്ഷികളുടെ  അപ്രീതി നിലനില്‍ക്കേ 2012ലാണ് മന്‍മോഹന്‍ സര്‍ക്കാര്‍ ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത്.

450 ബില്യണോളം വരുന്ന ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം വരുന്നതോടെ പത്തുലക്ഷത്തിലധികം വരുന്ന ചെറുകിട കടയുടമകളുടെ ജീവിതത്തെ  ദോഷകരമായി ബാധിക്കുമെന്നാണ് ഇതിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.

ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം രാജ്യത്ത് പാഴ്ച്ചിലവും മുതല്‍മുടക്കും  കുറയുമെന്ന് കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നയത്തിന് അനുമതി നല്‍കിയിരുന്നത്.

Advertisement