എഡിറ്റര്‍
എഡിറ്റര്‍
മോഡിക്കെതിരെ വാരണാസിയില്‍ ചൂല്; മണ്ഡലത്തില്‍ എഎപിയുടെ കൂറ്റന്‍ റാലി
എഡിറ്റര്‍
Tuesday 25th March 2014 7:30pm

kejriwalmodi

വാരണാസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

വാരണാസിയില്‍ നടന്ന കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോഡിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ച കാര്യം കെജ്‌രിവാള്‍ അറിയിച്ചത്.

തനിക്ക് എംപിയാകാന്‍ ആഗ്രഹമില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ തനിക്ക് സുരക്ഷിതമായ മണ്ഡലങ്ങള്‍ വേറെയുണ്ടായിരുന്നുവെന്നും അവിടെ മത്സരിക്കുമായിരുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഗുജറാത്തിലെ വികസനം സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്ക് മോഡിയെ വെല്ലുവിളിച്ച കെജ്‌രിവാള്‍ തനിക്കെതിരെ മഷിയെറിഞ്ഞത് മോഡി വിലക്കെടുത്തയാളാണെന്നും ആരോപിച്ചു.

വൈകീട്ട് റാലിക്ക് മുന്നോടിയായി റോഡ് ഷോ നടക്കുന്നതിനിടെ കെജ്‌രിവാളിന് നേരെ മഷിപ്രയോഗമുണ്ടായിരുന്നു.  രാവിലെ വാരാണസിയില്‍ എത്തിയ കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞിരുന്നു.

നിലവിലെ എം.പി.യായ പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ മാറ്റിയാണ് ബി.ജെ.പി നരേന്ദ്ര മോഡിയെ വാരാണസിയില്‍ സ്ഥാനാര്‍ഥിയാക്കിയത്.

മോഡിയുടെ സ്ഥാനാര്‍ഥിത്വം വഴി ഉത്തര്‍പ്രദേശില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍.

നരേന്ദ്ര മോഡിയ്‌ക്കെതിരെ വാരാണസിയില്‍ നിന്ന് മത്സരിയ്ക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.മോഡിയെ വാരണാസിയില്‍ തോല്‍പ്പിക്കുമെന്നും മത്സരം പ്രതീകാത്മകമല്ലെന്നും കെജ്‌രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം വാരണാസിയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Advertisement