Administrator
Administrator
9ലക്ഷം അടയ്ക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാളിന് ആദായ നികുതി നോട്ടീസ്
Administrator
Friday 2nd September 2011 10:55am

ന്യൂദല്‍ഹി: 9ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ് രിവാളിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അണ്ണാ ഹസാരെയുടെ സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഹസാരെയുടെ കൂട്ടാളികളില്‍ പ്രധാനിയായ കെജ്‌രിവാളിന് നോട്ടീസ് നല്‍കിയത്.

1995ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച കെജ്‌രിവാള്‍ ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു. 2006 ഫെബ്രുവരിയില്‍ ജോലിയില്‍ നിന്നും രാജിവച്ച അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. അദ്ദേഹം അടയ്ക്കാനുള്ള 9 ലക്ഷം രൂപ തിരിച്ചടയ്ക്കാതെ രാജി അനുവദിക്കില്ലെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ മറുപടി.

2000ത്തില്‍ കെജ്‌രിവാള്‍ 2 വര്‍ഷത്തെ പഠനാവധിയെടുത്തിരുന്നു. 2000 നവംബര്‍ 1 മുതല്‍ 2002 ഒക്ടോബര്‍ 31വരെയായിരുന്നു അവധിയില്‍ പ്രവേശിച്ചത്. പഠനാവധി പ്രവേശിച്ചശേഷം മൂന്ന് വര്‍ഷത്തേക്കെങ്കിലും തിരികെ ജോലിയില്‍ ചേരണമെന്നാണ് നിയമം. എന്നാല്‍ കെജ്‌രിവാള്‍ അവധിയെടുത്തശേഷം ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. അതുകൊണ്ടുതന്നെ പഠനാവധികാലത്തെ ശമ്പളതുകയായ 3.5 ലക്ഷം രൂപയും ഇതിന്റെ പലിശ 4.16 രൂപയും കെജ്‌രിവാള്‍ അടയ്‌ക്കേണ്ടതുണ്ട്. ശമ്പളത്തിന് പുറമേ കംപ്യൂട്ടര്‍ ലോണിനത്തില്‍ ഒരു 50,000 രൂപയും അദ്ദേഹം വാങ്ങിയിരുന്നു. ഇതിന്റെ പലിശ ഏതാണ്ട് 1 ലക്ഷം രൂപയായിട്ടുണ്ട്. ഇതുള്‍പ്പെടെ 9ലക്ഷത്തിലധികം രൂപയാണ് കെജ്‌രിവാള്‍ തിരിച്ചടക്കേണ്ടത്.

2,000ത്തില്‍ അവധിയില്‍ പ്രവേശിച്ച താന്‍ 2002 നവംബര്‍ 1ന് തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും 2005 ഒക്ടോബര്‍ 1ന് മൂന്നുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയെന്നുമാണ് കെജ്‌രിവാള്‍ പറയുന്നത്. എന്നാല്‍ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകള്‍ പ്രകാരം അദ്ദേഹം ഇപ്പോഴും സര്‍ക്കാര്‍ ജോലിക്കാരനാണ്. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് വൈകുന്നേരം പത്രസമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement