ന്യൂദല്‍ഹി: ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിനു സംഭാവനയായി ലഭിച്ച 80 ലക്ഷത്തിലേറെ രൂപ അരവിന്ദ് കെജ്‌രിവാള്‍ മോഷ്ടിച്ചതായി സ്വാമി അഗ്നിവേശ്. ‘പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍’ എന്ന കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സംഘടനയിലേക്കാണ് ഈ പണമത്രയും വകമാറ്റിയതെന്നും അഗ്നിവേശ് ആരോപിക്കുന്നു.

സംഭാവനയായി ലഭിക്കുന്ന പണത്തിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ ഹസാരെ കെജ്‌രിവാളിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് കെജ്‌രിവാള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഹസാരെയുടെ പ്രസ്ഥാനത്തിന് സംഭാവനയായി കിട്ടിയിട്ടുള്ളത്. അതൊക്കെ എവിടെപ്പോയി എന്ന് വിശദമാക്കണമെന്ന് അഗ്നിവേശ് ആവശ്യപ്പെട്ടു.

ഹസാരെ സംഘത്തിന്റെ ഭാഗമായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് ഭിന്ന സ്വരങ്ങളെത്തുടര്‍ന്ന് സംഘടനിയിലെ പുകഞ്ഞകൊള്ളിയായിരുന്നു. ഹസാരെയെ ശക്തമായി നേരിടണമെന്ന് അഗ്‌നിവേശ് ആരോടോ ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അണ്ണ ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതരമായ അഴിമതിയാരോപണവുമായാണ് സ്വാമി അഗ്‌നിവേശ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ അണ്ണാഹസാരെ സംഘാംഗമായ കിരണ്‍ബേദിക്കെതിരെ വിമാനയാത്ര അലവന്‍സില്‍ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.