എഡിറ്റര്‍
എഡിറ്റര്‍
പഞ്ചാബിനും ഗോവയ്ക്കും ശേഷം ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ് ഛത്തിസ്ഗണ്ഡ് എന്നിവിടങ്ങളിലേക്ക് ശ്രദ്ധതിരിച്ച് ആം ആദ്മി
എഡിറ്റര്‍
Friday 24th February 2017 5:41pm

 

ന്യൂദല്‍ഹി: പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞെടുപ്പ് മുന്നേറ്റങ്ങള്‍ക്ക് ശേഷം ബി.ജെ.പിയുടെ മൂന്ന് ശക്തി കേന്ദ്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് ആം ആദ്മി പാര്‍ട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് ഛത്തിസ്ഗണ്ഡ് എന്നിവിടങ്ങളിലാണ് കെജരിവാളും സംഘവും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.


Also read തിരുവനന്തപുരത്ത് പിങ്ക് പൊലീസ് സദാചാര പൊലീസിനു വിധേയരാക്കിയ ആതിരയും വിഷ്ണുവും വിവാഹിതരായി 


ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി നേതാക്കളുടെ യോഗം ദേശീയ അധ്യക്ഷന്‍ കെജരിവാളിന്റെ നേതൃത്വത്തില്‍ നാളെ ദല്‍ഹിയില്‍ നടക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചുള്ള തീരുമാനവും നാളത്തെ പാര്‍ട്ടിയോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.

ബി.ജെ.പിയ്‌ക്കെതിരെ മറ്റു സംസ്ഥാനങ്ങളിലും ശക്തമായി ഇടപെടാനാണ് പാര്‍ട്ടി തയ്യാറാകുന്നത് എന്നാണ് പാര്‍ട്ടിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദല്‍ഹി രാംജാസ് കോളേജിലെ അതിക്രമവും യു.പിയില്‍ ബി.ജെ.പിക്കെതിരെ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്മി. ഗുജറാത്തിലും ഛത്തിസ്ഗണ്ഡിലും ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ നടപ്പിലാക്കുന്ന ക്രൂരതകള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാനങ്ങളില്‍ സജീവമാകാമെന്നും പാര്‍ട്ടി കരുതുന്നു.

പാര്‍ട്ടിയുടെ നയതീരുമാന കമ്മിറ്റിയുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും യോഗങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ ഉയര്‍ത്തിക്കാട്ടേണ്ട വിഷയങ്ങളില്‍ തീരുമാനമെടുത്ത് കഴിഞ്ഞു. ചാരപ്രവര്‍ത്തി നടത്തിയതിന് അറസ്റ്റിലായ ബി.ജെപി നേതാവിന്റെ വിഷയവും ഗുജറാത്തിലെ സെക്‌സ് റാക്കറ്റിലെ നേതാക്കളുടെ പങ്കാളിത്തവും ഉയര്‍ത്തിക്കാട്ടിയാണ് കെജരിവാളും സംഘവും ബി.ജെ.പി വേട്ടയ്ക്കിറങ്ങുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹി സര്‍വ്വകലാശാലയില്‍ എ.ബി.വി.പിയും ആര്‍.എസ്.എസും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വസ് രംഗത്തെത്തിയട്ടുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാനും വര്‍ഗ്ഗീയതയിലൂടെ യു.പി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നായിരുന്നു വിശ്വാസിന്റെ ആരോപണം.

Advertisement