ന്യൂദല്‍ഹി: 9ലക്ഷത്തിലധികം രൂപയുടെ കടബാധ്യത തീര്‍ക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് അയച്ച് നോട്ടീസില്‍ അണ്ണ ഹസാരെ സംഘത്തിലെ പ്രധാനി അരവിന്ദ് കെജ് രിവാള്‍ കൂടുതല്‍ സമയം തേടി. ഏഴു ദിവസമാണു കൂടുതല്‍ സമയമായി കെജ് രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കടബാധ്യത ഒടുക്കാനുള്ള അവസാന തീയതി ഒക്‌റ്റോബര്‍ 27 ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കെജ് രിവാള്‍ അപേക്ഷ സമര്‍പ്പിച്ചത്.

അണ്ണാ ഹസാരെയുടെ സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഓഗസ്റ്റ് അഞ്ചിനാണ് അണ്ണാ ഹസാരെയുടെ കൂട്ടാളികളില്‍ പ്രധാനിയായ കെജ്‌രിവാളിന് ആദായനികുതി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്.  1995ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച കെജ്‌രിവാള്‍ ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു.

2006 ഫെബ്രുവരിയില്‍ ജോലിയില്‍ നിന്നും രാജിവച്ച അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. അദ്ദേഹം അടയ്ക്കാനുള്ള പിഴ തിരിച്ചടയ്ക്കാതെ രാജി അനുവദിക്കില്ലെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ മറുപടി.

2000ത്തില്‍ കെജ്‌രിവാള്‍ 2 വര്‍ഷത്തെ പഠനാവധിയെടുത്തിരുന്നു. 2000 നവംബര്‍ 1 മുതല്‍ 2002 ഒക്ടോബര്‍ 31വരെയായിരുന്നു അവധിയില്‍ പ്രവേശിച്ചത്. പഠനാവധി പ്രവേശിച്ചശേഷം മൂന്ന് വര്‍ഷത്തേക്കെങ്കിലും തിരികെ ജോലിയില്‍ ചേരണമെന്നാണ് നിയമം. എന്നാല്‍ കെജ്‌രിവാള്‍ അവധിയെടുത്തശേഷം ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.

അതുകൊണ്ടുതന്നെ പഠനാവധികാലത്തെ ശമ്പളതുകയായ 3.5 ലക്ഷം രൂപയും ഇതിന്റെ പലിശ 4.16 രൂപയും കെജ്‌രിവാള്‍ അടയ്‌ക്കേണ്ടതുണ്ട്. ശമ്പളത്തിന് പുറമേ കംപ്യൂട്ടര്‍ ലോണിനത്തില്‍ ഒരു 50,000 രൂപയും അദ്ദേഹം വാങ്ങിയിരുന്നു. ഇതിന്റെ പലിശ ഏതാണ്ട് 1 ലക്ഷം രൂപയായിട്ടുണ്ട്. ഇതുള്‍പ്പെടെ 9ലക്ഷത്തിലധികം രൂപയാണ് കെജ്‌രിവാള്‍ തിരിച്ചടക്കേണ്ടത്.

എന്നാല്‍ സംഭവത്തില്‍ പിന്നില്‍ രാഷ്ട്രീയമാണെന്നു കെജ് രിവാളും അണ്ണാസംഘത്തിലെ പ്രമുഖരും ആരോപിച്ചു. മൂന്നു വര്‍ഷത്തെ ബോണ്ട് കാലാവധി താന്‍ പൂര്‍ത്തിയാക്കിയതാണെന്നും ബോണ്ട് വ്യവസ്ഥ സര്‍ക്കാര്‍ വളച്ചൊടിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. നാലു വര്‍ഷത്തോളം ഇക്കാര്യത്തില്‍ അവര്‍ യാതൊരു നിലപാടും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.