എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ പ്രകീര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ വന്‍ തുക കൈപ്പറ്റി: അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Friday 14th March 2014 12:15pm

kejriwal-new-2

ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും  രൂക്ഷവിമര്‍ശനവുമായെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്ഥാവന വിവാദമായി. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കാന്‍ വന്‍ തുകകള്‍ മാധ്യമങ്ങള്‍ കൈപ്പറ്റിയെന്നാണ്  കെജ്‌രിവാള്‍ ആരോപിച്ചത്.

തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആദ്യം മാധ്യമങ്ങളെ തുറുങ്കിലടയ്ക്കുമെന്നും ദല്‍ഹി മുന്‍ മുഖ്യമന്ത്രി കൂടിയായ കെജ്‌രിവാള്‍ പറഞ്ഞു.

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ വിവാദപരാമര്‍ശം നടത്തിയത്. എന്നാല്‍ കെജ്‌രിവാളിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും രംഗത്ത് വന്നതോടെ കെജ്‌രിവാള്‍ വാര്‍ത്ത നിഷേധിച്ചു. മാധ്യമങ്ങള്‍ക്കെതിരെ താന്‍ ഇത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നാണ് കെജ്‌രിവാള്‍ പിന്നീട് പറഞ്ഞത്.

കഴിഞ്ഞ ഒരു വര്‍ഷമായി മോഡി ഇവിടെയെത്തി, അവിടെയെത്തി, ഇതുപറഞ്ഞു, അതുപറഞ്ഞു എന്നൊക്കെ എല്ലാദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമരാജ്യം വരുന്നു, അഴിമതി ഇല്ലാതാകുന്നു എന്നുപോലും വാര്‍ത്ത വരുന്നു. എന്തിനാണ് അവരിങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്? കാരണം കോടിക്കണക്കിന് രൂപയാണ് അവര്‍ക്ക് കിട്ടുന്നത്. അതേസമയം, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ 800 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ ഇക്കാര്യം ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 800 കര്‍ഷകരാണ് ജീവനൊടുക്കിയത്. അത് ഒരു ചാനലും പറഞ്ഞുകേള്‍ക്കുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങളെല്ലാം സ്വയം വിറ്റുപോയിരിക്കുന്നു. ഇത് വന്‍ ഗൂഡാലോചനയാണ്. എ.എ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഈ ഗൂഡാലോചന അന്വേഷിക്കുമെന്നും മാധ്യമപ്രവര്‍ത്തകരടക്കം കുറ്റക്കാരെയെല്ലാം ജയിലിലടയ്ക്കും- എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.

Advertisement