Categories

അരവിന്ദ് കെജ്‌രിവാളിന് പുതിയ വീട്

kejiwal-new-residence

ന്യൂദല്‍ഹി: ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ അരവിന്ദ് കെജ്‌രിവാളിന് സ്വന്തം മണ്ഡലത്തില്‍ തന്നെ വീട്. ദല്‍ഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത് 20 ദിവസത്തിന് ശേഷമാണ് സ്വന്തം മണ്ഡലത്തില്‍ ചെറിയൊരു വീടെന്ന ആഗ്രഹം നിറവേറിയത്.

ദല്‍ഹി നഗരവികസന മന്ത്രാലയമാണ് മൂന്ന് കിടപ്പുമുറികളുള്ള തിലക് ലെയിനിലെ ഫ്‌ളാറ്റ്‌ കെജ്‌രിവാളിന് അനുവദിച്ചത്. 1600 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റിലെ താഴത്തെ നിലയോട് ചേര്‍ന്ന് ചെറിയ പുല്‍ത്തകിടിയും ഉണ്ടാകുമെന്ന് നഗരവികസന മന്ത്രി കമല്‍നാഥ് പറഞ്ഞു.

രണ്ടു നിലകളിലുള്ള ഫ്‌ളാറ്റിന്റെ മുകളിലെ നിലയില്‍ സര്‍ക്കാര്‍ പാനലിലുള്ള സുപ്രീംകോടതിയിലെ ഒരു വക്കീലായിരിക്കും താമസിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ദല്‍ഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ 9,000 ചതുരശ്ര അടിയില്‍ രണ്ട് വീടുകള്‍ കെജ്‌രിവാളിന് നല്‍കിയിരുന്നു. ഒരു വീട് ഓഫീസായും മറ്റേത് താമസത്തിനും ഉപയോഗിക്കാനായാണ് സൗകര്യം ചെയ്തിരുന്നത്.

എന്നാല്‍ ആഡംബര ബംഗ്ലാവുകളെല്ലാം തിരസ്‌കരിച്ച നേതാവ് താമസത്തിനായി ഇരട്ട ബംഗ്ലാവ് തിരഞ്ഞെടുത്തുവെന്ന് കെജ്‌രിവാളിനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചെറിയ വീടിനായുള്ള അന്വേഷണം ആരംഭിച്ചത്.

Tagged with: