എഡിറ്റര്‍
എഡിറ്റര്‍
അഴിമതിക്കാരെ കുരുക്കാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Thursday 9th January 2014 7:04am

kejriwal-oth

ന്യൂദല്‍ഹി: ദല്‍ഹിയിലെ അഴിമതിക്കാരെ കുരുക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അവതരിപ്പിച്ചു . സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ പൊതുജനങ്ങളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടാല്‍ അത്തരം ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനുള്ള  ഹെല്‍പ്പ് ലൈന്‍ നമ്പറാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അവതരിപ്പിച്ചത്.

011-27357169 എന്ന ഹെല്‍പ്പ്‌ ലൈന്‍ നമ്പറിലേക്ക് അഴിമതി പരാതികള്‍ പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാം.അപ്പോള്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ സംഭാഷണമോ ദൃശ്യങ്ങളോ ഉദ്യോഗസ്ഥനറിയാതെ പകര്‍ത്തി നല്‍കാനുള്ള നിര്‍ദ്ദേശം ലഭിക്കും.

തുടര്‍ന്ന് അവ സംഭരിച്ച്  സര്‍ക്കാരിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോക്ക് നല്‍കണം. ബ്യൂറോ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവ് ശേഖരിച്ച് നടപടിയെടുക്കും.

ഇത്തരത്തിലാണ് ഹെല്‍പ്പ്‌ലൈന്റെ പ്രവര്‍ത്തന രീതിയെന്ന് കെജ്‌രിവാള്‍ അറിയിച്ചു.  ദിവസവും രാവിലെ എട്ട് മണി മുതല്‍ രാത്രി പത്ത് വരെ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിക്കാം. സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ പുതിയ നയം അഴിമതിക്കാരില്‍ ഭീതിയുണ്ടാക്കുമൈന്ന് കെജ്‌രിവാള്‍ പറഞ്ഞു.ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടപ്പിലാക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്.

നേരത്തെ സൗജന്യ ജലവും വൈദ്യുതിയില്‍ നിരക്കില്‍ വന്‍ ഇളവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Advertisement