എഡിറ്റര്‍
എഡിറ്റര്‍
മോഡിയുടെ വിമര്‍ശനം ഗുണമായി; കെജ്‌രിവാളിന്റെ ഗ്രാഫ് മുകളിലേക്ക്
എഡിറ്റര്‍
Friday 28th March 2014 10:01am

 

line

കെജ്‌രിവാള്‍ രാജ്യദ്രോഹിയാണെന്ന മോഡിയുടെ പരാമര്‍ശത്തിന്റെ അടുത്ത ദിവസം ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവന ഒരു കോടിയിലധികം. ആയിരത്തിഇരുന്നൂറോളം പേരാണ് പാര്‍ട്ടിയ്ക്ക് സംഭാവനയുമായെത്തിയത്.വാരാണസിയില്‍ മോഡിയ്‌ക്കെതിരെ മത്സരിയ്ക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ആം ആദ്മി പാര്‍ട്ടിയ്ക്ക് സംഭാവനകളുടെ ഒഴുക്കാണ്.

line

kejriwalmodi

ന്യൂദല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കെജ്‌രിവാളിന് നേട്ടമായി. കെജ്‌രിവാള്‍ രാജ്യദ്രോഹിയാണെന്ന മോഡിയുടെ പരാമര്‍ശത്തിന്റെ അടുത്ത ദിവസം ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവന ഒരു കോടിയിലധികം. ആയിരത്തിഇരുന്നൂറോളം പേരാണ് പാര്‍ട്ടിയ്ക്ക് സംഭാവനയുമായെത്തിയത്.

വാരാണസിയില്‍ മോഡിയ്‌ക്കെതിരെ മത്സരിയ്ക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ആം ആദ്മി പാര്‍ട്ടിയ്ക്ക് സംഭാവനകളുടെ ഒഴുക്കാണ്. കഴിഞ്ഞ ദിവസം കെജ്‌രിവാളിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മോഡി രംഗത്തെത്തിയിരുന്നു.

മൂന്ന് എ.കെ കളാണ് രാജ്യത്തിന്റെ ഭീഷണി എന്നു പറഞ്ഞ മോഡി അരവിന്ദ് കെജ്‌രിവാളിനെയും പ്രതിരോധമന്ത്രി എ.കെ ആന്റണിയെയും വിമര്‍ശിച്ചിരുന്നു. ജമ്മുവിലെ ഹിരാനഗറില്‍ ഭാരത് വിജയ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന മോഡി എ.കെ 47, എ.കെ ആന്റണി, അരവിന്ദ് കെജ്‌രിവാള്‍ എന്നീ എ.കെകള്‍ പാകിസ്ഥാന്റെ ശക്തിയായി മാറിയിരിക്കുകയാണെന്നാണ് പറഞ്ഞത്.

ഒന്നാമത്തെ എ.കെ കാശ്മീരിനെ രക്തക്കളമാക്കുന്ന എ.കെ 47 തോക്കും രണ്ടാമത്തെ എ.കെ പാക് സൈനികരുടെ  വേഷത്തിലെത്തി ഇന്ത്യന്‍ സൈന്യത്തെ വെട്ടിയെന്ന് പാര്‍ലമെന്റില്‍ അറിയിച്ച എ.കെ ആന്റണിയുമാണ്. മൂന്നാമത്തേത് തന്റെ വെബ്‌സൈറ്റില്‍ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയ അരവിന്ദ് കെജ്‌രിവാളുമാണ്. ഇവര്‍ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നത്- എന്നായിരുന്നു മോഡിയുടെ വിമര്‍ശനം.

അതേ സമയം എ.കെ ആന്റണിയ്ക്കതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെ കെജ്രിവാളിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സാധൂകരിക്കാനുള്ള ഓട്ടത്തിലാണ് ബി.ജെ.പി. ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റിനകത്തെ കാശ്മീരിന്റെ സ്ഥാനം പാകിസ്ഥാനിലാണെന്ന വിമര്‍ശനത്തിന് പുറമെ  ജമ്മു കാശ്മീരിലെ സൈനിക സാന്നിധ്യത്തെക്കുറിച്ച് ഹിതപരിശോധന നടത്തണമെന്ന ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവന, താനൊരു അരാജകവാദിയാണെന്ന കെജ്‌രിവാളിന്റെ പ്രസ്ഥാവന എന്നിവയൊക്കെയാണ് ബി.ജെ.പി ആം ആദ്മിയ്‌ക്കെതിരായി നടത്തുന്ന വിമര്‍ശനങ്ങളിലെ വിഷയങ്ങള്‍.

Advertisement