എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ സന്ദര്‍ശിക്കാന്‍ കെജ്‌രിവാളിന് അനുമതി നല്‍കിയില്ല
എഡിറ്റര്‍
Friday 7th March 2014 5:05pm

kejriwal-new-2

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുരക്ഷ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. മുന്‍കൂട്ടി അറിയിക്കാതെ കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു.

മോഡിയുടെ ഔദ്യോഗിക വസതിക്ക് രണ്ട് കിലോമീറ്റര്‍ അകലെ ഗാന്ധിനഗര്‍ പോലീസ് കെജ്‌രിവാളിന്റെ വാഹനം തടയുകയായിരുന്നു.

ഗുജറാത്ത് വികസനം സംബന്ധിച്ച് മോഡിയുടെ അവകാശവാദങ്ങള്‍ക്കെതിരെ 16 ചോദ്യങ്ങളുമായാണ് കെജ്‌രിവാള്‍ മോഡിയെ സന്ദര്‍ശിക്കാനെത്തിയത്്.

തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്തതിനാലാണ് സന്ദര്‍ശനാനുമതി നിഷേധിച്ചതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. അതേ സമയം കെജ്‌രിവാളിന്റെ നാടകമാണ് ഇതെല്ലാമെന്നും ഗുജറാത്തിലെ ബി ജെ പി നേതാക്കള്‍ ആരോപിച്ചു.

ഗുജറാത്തിലേത് ഊതി വീര്‍പ്പിച്ച വികസനമാണെന്നും സാധാരണക്കാര്‍ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും കെജ്‌രിവാള്‍ നേരത്തേ പറഞ്ഞിരുന്നു.

ഇതിനിടെ പ്രദേശത്ത് തടിച്ച് കൂടിയ മോദി അനുകൂലികള്‍ കെജ്‌രിവാളിനെ കരിങ്കൊടി കാണിച്ചു. അനുവാദം കൂടാതെ ഉച്ചഭാഷിണി ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് കാണിച്ച് ഗാന്ധിധാം പൊലീസ് ഇന്നലെ കെജ്‌രിവാളിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കെജ്‌രിവാളിനെ പോലീസ് തടഞ്ഞുവച്ചതിനെത്തുടര്‍ന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ ന്യൂദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു.

Advertisement