Categories

ജനതാ ദര്‍ബാറുകള്‍ ഇനി നടത്തില്ലെന്ന് കെജ്‌രിവാള്‍

kejriwal-new-2

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇനി മുതല്‍ ജനതാ ദര്‍ബാറുകള്‍ നടത്തില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ആഴ്ചയില്‍ ഒരിക്കല്‍ പൊതുജനങ്ങള്‍ക്ക് തന്നെ കാണുന്നതിന് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഹെല്‍പ് ലൈനുകളിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ പുതിയ സംവിധാനം ആലോചിക്കുന്നുണ്ടെന്നും അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

കഴിഞ്ഞദിവസം ദല്‍ഹി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ജനതാ ദര്‍ബാര്‍ ജനങ്ങള്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

പോലീസ് ബാരിക്കേഡും തകര്‍ത്ത് പൊതുജനങ്ങള്‍ മുഖ്യമന്ത്രിയെ കാണാന്‍ തിക്കിതിരക്കി. പോലീസിന് ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പരിപാടി റദ്ദാക്കുകയായിരുന്നു.

സംഘടനാ പിഴവു മൂലമാണ് പരിപാടി റദ്ദാക്കേണ്ടിവന്നതെന്നും അതിന് എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

അതേസമയം അരവിന്ദ് കെജ്‌രിവാളിന് വധഭീഷണിയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി. സംസ്ഥാനത്തെ ജല മാഫിയയും ടെന്‍ഡര്‍ മാഫിയയും കെജ്‌രിവാളിനെ ലക്ഷ്യമിടുന്നതായാണ് മുന്നറിയിപ്പ്.

ഇതിനായി ഇവര്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയതായും സൂചനയുണ്ട്. എല്ലാ ആഴ്ചയും നടത്തുന്ന ജനതാ ദര്‍ബാറില്‍വച്ച് മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഐബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

കെജ്‌രിവാളിനുള്ള സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ബി.ദല്‍ഹി സര്‍ക്കാരിനും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്കും കത്തയച്ചു.

Tagged with: