റാലേഗന്‍ സിദ്ധി: ഹസാരെ സംഘാംഗങ്ങളായ അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഇന്ന് റാലേഗന്‍ സിദ്ധിയിലെത്തി അണ്ണാ ഹസാരെയെ കാണും. കഴിഞ്ഞ ദിവസം നടന്ന കോര്‍കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ അറിയിക്കുന്നതിനുവേണ്ടിയാണ് അഴിമതിക്കെതിരെ ഇന്ത്യ സംഘാംഗങ്ങള്‍ ഹസാരെയെ കാണുന്നത്.

കോര്‍കമ്മിറ്റി പിരിച്ചുവിടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ യോഗം സ്വീകരിച്ച പ്രധാന നിലപാട്. ലോക്പാല്‍ ബില്ലില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ഹസാരെ സംഘാംങ്ങള്‍ക്കെതിരായുള്ള ആരോപണങ്ങളെന്നും യോഗം കുറ്റപ്പെടുത്തിയിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ക്യാപെയ്‌നിംഗ് നടത്തുമെന്ന് കെജ് രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ ഘടകങ്ങളെ ദുരുപയോഗം ചെയ്ത് കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍, കെജ് രിവാള്‍ തുടങ്ങിയ ഹസാരെ ടീംഅംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന കുപ്രചരണങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും സംഘാംങ്ങള്‍ വ്യക്തമാക്കി.

ശനിയാഴ്ചത്തെ കോര്‍കമ്മിറ്റി യോഗ തീരുമാനങ്ങള്‍ ഹസാരെയെ അറിയിക്കാന്‍ താനും പ്രശാന്ത് ഭൂഷണും റാലേഗന്‍ സിദ്ധിയിലേക്ക് പോകുമെന്നായിരുന്നു കെജ് രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഭൂഷണിനും കെജ്‌രിവാളിനുമൊപ്പം താനും ഹസാരെയെ കാണാന്‍ പോകുമെന്ന് കിരണ്‍ബേദി പിന്നീട് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നശേഷം ആദ്യമായാണ് ഇവര്‍ ഹസാരെയെ കാണുന്നത്. അതിനിടെ, അഴിമതിക്കെതിരെ ഇന്ത്യയ്ക്കുവേണ്ടി സമാഹരിച്ച 80 ലക്ഷം രൂപ കെജ് രിവാള്‍ സ്വന്തം സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന സ്വാമി അഗ്നിവേശിന്റെ ആരോപണത്തിനെതിരെ കെജ്‌രിവാള്‍ ശക്തമായി രംഗത്തുവന്നു. ഹസാരെയും നിര്‍ദേശപ്രകാരമായിരുന്നു താന്‍ സ്വന്തം സംഘടനയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് എന്നായിരുന്നു കെജ്‌രിവാളിന്റെ വിശദീകരണം.

malayalam news