എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ കാണുന്നതില്‍ നിന്ന് തടഞ്ഞ സംഭവം: താന്‍ ഭീകരനല്ലെന്ന് കെജ്‌രിവാള്‍
എഡിറ്റര്‍
Saturday 8th March 2014 7:20am

kejrival-to-rule

അഹമ്മദാബാദ്: മോഡിയെ കാണുന്നതില്‍ നിന്ന് തടയാന്‍ താന്‍ ഒരു ഭീകരനൊന്നുമല്ലെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

ഒരു മുന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൂടിക്കാഴ്ചയ്ക്കായി മോഡി തന്നെ ക്ഷണിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെത്തിയ കെജ്‌രിവാള്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കാനൊരുങ്ങിയത്.

എന്നാല്‍ മുന്‍കൂര്‍ അനുവാദമില്ലെന്ന പേരില്‍ കെജ്‌രിവാളിനെ പോലീസ് തടയുകയായിരുന്നു.

മോഡിയുമായി കൂടിക്കാഴ്ച നടത്തണമെന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വസതിക്ക് അഞ്ച് കിലോമീറ്റര്‍ മുമ്പ് ഞങ്ങളെ പോലീസ് തടഞ്ഞു. ഞാനൊരു ഭീകരനല്ല. മുന്‍മുഖ്യമന്ത്രി എന്ന നിലയ്ക്ക് മോഡി എന്നെ ക്ഷണിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇത് ജനാധിപത്യപരമായ രീതിയല്ല.

മോഡി അനുവദിക്കുകയാണെങ്കില്‍ ഇത്തവണ തന്നെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. അതല്ലെങ്കില്‍ മോഡിയ്ക്ക് സൗകര്യമുള്ള മറ്റൊരു സമയത്ത് കാണും- കെജ്‌രിവാള്‍ പറഞ്ഞു.

ഗുജറാത്ത് സന്ദര്‍ശനത്തിനിടെ താന്‍ കണ്ട കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോഡിയുടെ വികസനവാദങ്ങള്‍ പൊള്ളയാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

മോഡിയുടെ വികസനവാദങ്ങളെ കുറിച്ച് മനസിലാക്കാനാണ് മനീഷ് സിസോദിയ അടക്കമുള്ള ആം ആദ്മി സംഘത്തോടൊപ്പം കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്.

ഗുജറാത്തിലെ പഠാനില്‍ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് കെജ്‌രിവാളിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ആം ആദ്മി- ബി.ജെ.പി സംഘര്‍ഷവും ഉടലെടുത്തിരുന്നു.

Advertisement