Categories

കെജ്‌രിവാള്‍ ഹസാരെയ്ക്ക് 2 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ഇന്ത്യ  നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അന്നാ ഹസാരെയ്ക്ക് 2 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍.

Ads By Google

ഹസാരെയുടെ ഒരു സഹായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹസാരെയുടെ ഗ്രാമമായ റിലേഗണ്‍ സിദ്ധിയിലെത്തിയാണ് കെജ്‌രിവാള്‍ രണ്ടുകോടി രൂപയുടെ ചെക്ക്‌ നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ ഹസാരെ ചെക്ക്‌ വാങ്ങാതെ മടക്കി നല്‍കുകയായിരുന്നെന്നും സഹായി വെളിപ്പെടുത്തി.

കെജ്‌രിവാളിന്റെ എന്‍.ജി.ഒ സംഘടനയായ പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് ഹസാരെയ്ക്ക് നല്‍കാന്‍ ഒരുങ്ങിയതെന്നാണ് വെളിപ്പെടുത്തല്‍.

അഴിമതി വിരുദ്ധപോരാട്ടത്തില്‍  ഏറെക്കാലം ഒപ്പമുണ്ടായിരുന്ന കെജ്‌രിവാളുമായി വേര്‍പിരിഞ്ഞതായി അന്നാ ഹസാരെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കാനാവാത്തതാണ് വേര്‍പിരിയലിന് കാരണമായി ഹസാരെ പറഞ്ഞത്.

പിളര്‍പ്പിനെ തുടര്‍ന്ന് തന്റെ പേരോ ചിത്രമോ കെജ്‌രിവാളോ സംഘമോ ഇനി ഉപയോഗിക്കരുതെന്നും ഇനിമുതല്‍ കെജ്‌രിവാളിന് വേണ്ടി പ്രചാരണം നടത്തില്ലെന്നും ഹസാരെ പറഞ്ഞിരുന്നു.

താനുമായി പിരിയാനുള്ള അണ്ണാ ഹസാരെയുടെ തീരുമാനം ഏറെ വേദനിപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. ഹസാരെ തനിക്ക് ഗുരുമാത്രമല്ല, പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ തീരുമാനം അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.