നമ്മള്‍ പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് ദന്തക്ഷയം അകറ്റുന്നതിനും വായിലെ രോഗാണുക്കളെ ഇല്ലാതാക്കുന്നതിനുമാണ്. എന്നാല്‍ അത് ന്യൂമോണിയ രോഗത്തെ അകറ്റാന്‍ സഹായിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ല.

യേല്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. പല്ലുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ വായില്‍ രോഗാണുക്കള്‍ പെരുകുകയും അത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ഇതേ കാര്യം ബ്രിട്ടീഷ് ഡെന്‍ഡല്‍ ഫൗണ്ടേഷനും ഇതിനുമുന്‍പേ കണ്ടെത്തിയിരുന്നു.

Subscribe Us:

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം ആശുപത്രി വെന്റിലേറ്ററില്‍ കിടക്കുന്ന ചില രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ ഇവര്‍ എത്തിയത്. വായില്‍ രോഗാണുക്കള്‍ ഉണ്ടെങ്കില്‍ അത് പല്ലുകളെ ബാധിക്കുന്നതിനേക്കാളേറെ ശ്വാസകോശത്തെയാണ് ബാധിക്കുകയെന്നാണ് ഇവര്‍ പറയുന്നത്.

ശ്വാസകോശ സംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണം വായിലുണ്ടാകുന്ന ബാക്ടീരിയകളാണ്. ഭക്ഷണം കഴിച്ചാല്‍ വായ വൃത്തിയാക്കാന്‍ മടിക്കുന്നവരാണ് പലരും. അതു പോലെ തന്നെ അധികം പേരും സ്‌നാക്‌സുകള്‍ കഴിച്ചു കഴിഞ്ഞാല്‍ വായ കഴുകാറില്ല.

എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് നമ്മില്‍ ഉണ്ടാക്കുക. പല്ലുകള്‍ വൃത്തിയായി വയ്ക്കുന്നത് ഒരു പരിധി വരെ ശ്വാസകോശസംബന്ധമായ അസുഖങ്ങളെ നമ്മില്‍ നിന്നും അകറ്റാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Malayalam News

Kerala News In English