ശ്രീനഗര്‍: ദല്‍ഹിയില്‍ എന്‍.ഐ.എ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി അറസ്റ്റ് വരിക്കുമെന്ന് കശ്മീര്‍ വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനിയും മിര്‍വാഈസ് ഉമര്‍ഫാറൂഖും ജെ.കെ.എല്‍.എഫ് നേതാവ് മാലികും പറഞ്ഞു.

എന്‍.ഐ.എ തങ്ങളെ വേട്ടയാടുകയാണെന്നും അത്‌കൊണ്ട് എന്‍.ഐ.എ ആസ്ഥാനത്തെത്തി അറസ്റ്റ് വരിക്കുമെന്നും വിഘടനവാദി നേതാക്കള്‍ പറഞ്ഞു.

എന്‍.ഐ.എക്കെതിരെ കശ്മീരിലെ എല്ലാ വീടുകളില്‍ നിന്നും പ്രതിരോധമുണ്ടാവുമെന്ന് യാസീന്‍ മാലിക് പറഞ്ഞു. ഞങ്ങളെയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ തിഹാര്‍ ജയിലിലെ വാതിലുകള്‍ തുറന്നിട്ടോളൂവെന്നും യാസീന്‍ മാലിക് പറഞ്ഞു.

കശ്മീരില്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് പരിശോധിക്കാന്‍ ശ്രീനഗറിലും വടക്കന്‍ കശ്മീരിലും എന്‍.ഐ.എ കഴിഞ്ഞ ദിവസം റെയ്ഡ്‌നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളുടെ പ്രതികരണം. ഒരേ സമയം 16 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നത്.