എഡിറ്റര്‍
എഡിറ്റര്‍
കൊലപാതകം നടത്തിയത് ആത്മാവാണെന്ന് കേഡലിന്റെ മൊഴി; 15 വര്‍ഷമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുന്നു
എഡിറ്റര്‍
Tuesday 11th April 2017 2:44pm

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതക കേസിലെ പ്രതി കേഡലിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

ആഭിചാര പ്രവര്‍ത്തനങ്ങളിലെ താത്പര്യത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. നന്തന്‍കോടുള്ള വീട്ടിനുള്ളിലിട്ട് മാതാപിതാക്കളും സഹോദരിയും അമ്മൂമ്മയും ഉള്‍പ്പെട നാലുപേരെ കൊന്നത് താന്‍ തന്നെയാണെന്ന് കേഡല്‍ സമ്മതിച്ചു.

ഒരേ ദിവസമാണ് ഈ കൊലപാതങ്ങള്‍ നടത്തിയതെന്നായിരുന്നു മൊഴി. പക്ഷെ വീട്ടുജോലിക്കാരിയുടെയും അയല്‍വാസികളുടെ മൊഴി ഇതിന് വിരുദ്ധമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്നു പേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മനശാസ്ത്ര വിദഗ്ദന്റെ സാന്നിദ്ധ്യത്തിലായിരുന്നു പൊലീസ് ചോദ്യം ചെയ്യല്‍. സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണു താന്‍ നടത്തിയതെന്ന് കാഡല്‍ മൊഴി നല്‍കി.

‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണമാണു നടത്തിയത്. ശരീരത്തില്‍നിന്ന് മനസ്സിനെ മറ്റൊരു ലോകത്തെത്തിക്കുന്നതിനുള്ള ശ്രമമാണിതെന്നും ജീന്‍സണ്‍ മൊഴി നല്‍കി. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം െചയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം.

പരസ്പര വിരുദ്ധമായി പ്രതി സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയത്.


Dont Miss ‘മിമിക്രിക്കാരും മനുഷ്യരാണ്’; അസീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സുരാജ് വെഞ്ഞാറമ്മൂട് 


മൃതദേഹങ്ങള്‍ സ്വന്തം മുറിയിലെ കുളിമുറിയിട്ട് കത്തിച്ചുവെന്ന് പ്രതി സമ്മതിച്ചു. എന്നാല്‍ എന്തിനുവേണ്ടിയാണ്, എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മൊഴികളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമാകുന്നില്ല.

പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം വിദേശത്തേക്ക് നഴ്സിംഗ് പഠിക്കാന്‍ പെയങ്കിലും അവിടെയും പഠനം പൂര്‍ത്തിയാക്കാതെയാണ് കേഡല്‍ തിരിച്ചെത്തിയത്. വിദേശത്തുവെച്ചാണ് ആഭിചാര ശൈലികളോട് കൂടുതല്‍ ഇഷ്ടമുണ്ടായതെന്നാണ് കേഡല്‍ പറയുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയശേഷം കേഡലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റടിയില്‍ വാങ്ങിയശേഷമായിരിക്കും തെളിവെടപ്പിന് കൊണ്ടുപോവുക.

അതേസമയം കാഡലിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കാഡല്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചു. നാട്ടുകാര്‍ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാല്‍ പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കാഡലിന്റെ ഇരട്ട വ്യക്തിത്വം ബന്ധുക്കള്‍ പോലും തിരിച്ചറിയാതെ പോയതാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചത്.

Advertisement