തൃശൂര്‍ : അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ ആദിവാസികള്‍ ദുരിതത്തിലാണെന്ന് പുതിയ കണക്കുകള്‍ . കേരള ഇന്‍സ്റ്റ്സ്റ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ സര്‍വേ പ്രകാരം 49 ശതമാനം ആദിവാസികള്‍ക്കും സ്വന്തമായി വീടുകള്‍ ഇല്ല. 24,289 കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പോലും ഇല്ല. തൃശൂരിലെ ബിരുദ യോഗ്യതയുള്ള നൂറുകണക്കിന് ആദിവാസികള്‍ തൊഴില്‍ ലഭിക്കാതെ കഷ്ടപ്പെടുന്നവരാണ്.
ആദിവാസി ക്ഷേമ വകുപ്പ് നടത്തിയ സര്‍വ്വേ പ്രകാരം കേരളത്തിലെ 4614 കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ല. അതില്‍ തന്നെ 55 ശതമാനം ആളുകളും കുടിക്കാന്‍ ശുദ്ധജലമോ താമസിക്കാന്‍ വീടോ ഇല്ലാതെ ബുദ്ധിമുട്ടിലാണ്. ഇവര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളും ഈ മേഖലയെ വിട്ടൊഴിയുന്നില്ല. തോട്ടങ്ങളില്‍ കൂലിപ്പണിചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഇവര്‍ ഉപജീവനം നടത്തുന്നത്.
1252 വീടുകളില്‍ ഇതുവരെ വൈദ്യുതി കണക്ഷന്‍ എത്തിയിട്ടില്ല. 1300 ഓളം കുടുംബങ്ങള്‍ ഇപ്പോഴും വന്യമൃഗങ്ങളുടെ ശല്യം സഹിച്ചാണ് കഴിയുന്നത്. ഇവര്‍ക്കിടയിലെ 17 ശതമാനം ആളുകള്‍ക്ക് മാത്രമേ അര്‍ഹിക്കുന്ന പെന്‍ഷന്‍ ലഭിക്കുന്നുള്ളു.മാനസികരോഗം ബാധിച്ച സ്ത്രീകളും ക്ഷയരോഗബാധിതരും ഇവിടെ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. മതിയായ ചികിത്സാസൌകര്യവും ലഭ്യമല്ല. വേണ്ടവിധത്തിലുള്ള ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്നില്ല.  40323 ആളുകളും പലവിധ രോഗങ്ങളുടെ പിടിയിലാണ്.

Subscribe Us: