കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ പിരിച്ചുവിട്ടതില്‍ തെറ്റില്ലെന്ന് കെ.സി.ബി.സി. അധ്യാപകന്‍ തെറ്റുതിരുത്താന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് ശിക്ഷ അനിവാര്യമായി വന്നതെന്നും ഇന്നു കൊച്ചിയില്‍ ചേര്‍ന്ന ബിഷപ്പുമാരുടെയും അല്‍മായ പ്രതിനിധികളുടെയും യോഗം വിലയിരുത്തി.

എല്‍.ഡി.എഫിന്റെത് വികലമായ വിദ്യാഭ്യാസ നയമാണെന്ന് കെ.സി.ബി.സി വ്യക്തമാക്കി. സഭ ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കണം. സര്‍ക്കാര്‍ മദ്യത്തിന്റെ ലഭ്യത കുറയ്ക്കണം. മദ്യഷാപ്പുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തിനും മുന്‍സിപ്പാലിറ്റികള്‍ക്കുമുള്ള അവകാശം പുനഃസ്ഥാപിക്കണം. ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിലപാടെടുക്കുന്നവര്‍ മാത്രമേ മാത്രമേ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയുള്ളരെന്ന് സഭ കണക്കാക്കാനാവൂ.

തിരഞ്ഞെടുപ്പ് ഫലം ഇടയലേഖനത്തിന്റെ പ്രതിഫലനമാണെന്ന് അവകാശപ്പെടുന്നില്ലെന്നും കെ.സി.ബി.സി നേതാക്കള്‍ വ്യക്തമാക്കി.

കത്തോലിക്കാ ബിഷപ്പുമാരുടേയും അല്‍മായ പ്രതിനിധികളുടേയും സംയുക്തയോഗമാണ് ഇന്ന് പാലാരിവട്ടം പി ഒ സിയില്‍ ചേര്‍ന്നത്. കെ.സി.ബി.സി ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. വൈകീട്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ൈക്രസ്തവ മെത്രാന്‍മാരുടെ യോഗവും നടന്നു.