കൊച്ചി: ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് അച്ചടക്കലംഘനങ്ങളുടെ പേരില്‍ താക്കീത് നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി എ) തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കെ സി എയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം.

വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ട് ശ്രീശാന്തിന് കത്ത് നല്‍കാനും കെ സി എ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം തുടര്‍ന്നാല്‍ നടപടിയെടുക്കാന്‍ ജനറല്‍ ബോഡി കെ സി എയെ ചുമതലപ്പെടുത്തി. അസോസിയേഷനെ കരിവാരിത്തേക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുണ്ടെന്ന് പല ഭാരവാഹികളും ആരോപിച്ചു. ശ്രീശാന്തിനെതിരേ അച്ചടക്ക നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം താക്കീതില്‍ ഒതുക്കാന്‍ ടി സി മാത്യു തീരുമാനിക്കുകയായിരുന്നു.

പുതിയ തീരുമാനം ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിനെ ബാധിക്കുമെന്നാണ് സൂചന. കെ സി എ താക്കീത് നല്‍കിയ കാര്യം ബി സി സി ഐയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ശ്രീയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് തടസ്സമായേക്കുമെന്നും കായികവിദഗ്ധര്‍ കരുതുന്നു.