തിരുനവനന്തപുരം: ടി.വി രാജേഷ് എം.എല്‍.എയെ താന്‍ അപമാനിച്ചു എന്ന വാര്‍ത്ത മന്ത്രി കെ.സി.ജോസഫ് നിഷേധിച്ചു. അദേഹത്തിനെയോ കുടുംബത്തിനെയോ താന്‍ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി ആക്ഷേപമുണ്ടെന്നാണ് താന്‍ പറഞ്ഞത്. അല്ലാതെ രാജേഷിനെ അപമാനിക്കത്തക്ക ഒന്നും പറഞ്ഞിട്ടില്ല.

താന്‍ മറിച്ചെന്തെങ്കിലും പറഞ്ഞതായി അദേഹത്തിനോ പ്രതിപക്ഷത്തിനോ തെളിയിക്കാനായാല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും കെ. സി ജോസഫ് പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ. സി ജോസഫ്.

നേരത്തെ തന്റെ കുടുംബ പാശ്ചാത്തലത്തെകുറിച്ച് മന്ത്രിയായ കെ.സി.ജോസഫും പി.സി.ജോര്‍ജ്ജും ആരോപണമുന്നയിച്ചതായി ടി.വി.രാജേഷ് പറഞ്ഞിരുന്നു. ആരോപണമുന്നയിച്ച ഇരുവരും മാപ്പ് പറയാന്‍ തയ്യാറാവണമെന്നും രാജേഷ് ആവശ്യപ്പെട്ടിരുന്നു. ഇൗ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.