Categories

ശ്രീവിദ്യയുടെ സ്വത്തുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറുന്നതിന് കത്തുനല്‍കി: ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്രനടി ശ്രീവിദ്യയുടെ എല്ലാ സ്വത്തുക്കളും സാംസ്‌കാരിക വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച് കത്ത് നല്‍കിയതായി എം.എല്‍.വി ശ്രീവിദ്യ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.ബി. ഗണേഷ്‌കുമാര്‍. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന് ശ്രീവിദ്യയുടെ സ്വത്തുക്കള്‍ പരിശോധിച്ച് തിട്ടപ്പെടുത്തി ഏറ്റെടുക്കാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

താന്‍ ശ്രീവിദ്യയുടെ സഹോദരന് വില്‍പത്രത്തില്‍ പറയുന്ന തുക കൊടുക്കുന്നില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത രാഷ്ട്രീയലക്ഷ്യത്തോടെയാണ്. വരാനിരിക്കുന്ന നിയസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ ആരോപണം ഉയര്‍ന്നിട്ടുള്ളത്. താന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും മുന്നണിയെയും മോശമാക്കാനാണ് ലക്ഷ്യം. അച്ഛനെ തകര്‍ത്തതുപോലെ തന്നെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ഇതിന്റെ ഉറവിടവും അത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ക്ക് പിന്നില്‍ വി.എസ്. അച്യുതാനന്ദനാണോയെന്ന ചോദ്യത്തിന് ആവാതിരിക്കാന്‍ വഴിയില്ലല്ലോന്നായിരുന്നു ഗണേശ് കുമാറിന്റെ മറുപടി.

തന്റെ വില്‍പത്ര പ്രകാരം സ്വത്തുകള്‍ വീതിച്ച് നല്‍കാന്‍ ശ്രീവിദ്യ തന്നെയാണ് ചുമതലപ്പെടുത്തിയത്. വില്‍പത്ര പ്രകാരം വീട്ടില്‍ ജോലിക്കായി നിന്ന രണ്ടുപേര്‍ക്ക് രണ്ട് ലക്ഷം രൂപയും സഹോദരന്റെ മകള്‍ക്ക് 10ലക്ഷവും ശേഷിക്കുന്ന തുക മ്യൂസിക്, ഡാന്‍സ് സ്‌കൂള്‍ ആരംഭിക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മദ്രാസില്‍ ഒരു ഫഌറ്റും തിരുവനന്തപുരത്ത് പി.ടി.പി നഗറില്‍ ഒരു വീടും ആര്‍.ഇ.സിയില്‍ ബോണ്ടും കാറും സ്വര്‍ണാഭരണങ്ങളും വെള്ളിയും അവരുടെ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാല്‍ വില്‍പത്രം നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര്‍രാമന്‍ രണ്ട് വര്‍ഷം മുമ്പ് തനിക്ക് ഇതുസംബന്ധിച്ച് അയച്ച കത്തിന് കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കിയിരുന്നതാണ്.

മരിക്കുന്നതുവരെ സഹോദരനെ കാണാന്‍ ശ്രീവിദ്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ശ്രീവിദ്യ മരിച്ചശേഷം മൃതദേഹം എന്തുചെയ്യുന്നുവെന്ന് താന്‍ ചോദിച്ചപ്പോള്‍ മദ്രാസിലെ ഫഌറ്റിന്റെ താക്കോലും അവകാശവും നല്‍കിയാല്‍ മൃതദേഹം കൊണ്ടുപോകാമെന്നാണ് ശങ്കര്‍രാമന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

One Response to “ശ്രീവിദ്യയുടെ സ്വത്തുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറുന്നതിന് കത്തുനല്‍കി: ഗണേഷ്‌കുമാര്‍”

  1. manimala babu

    ഈ കത്ത്എഴുത്ത് ഒരാഴ്ച്ച മുന്‍പായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ഗെനേശന്‍ സാറെ????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.