KB Ganesh Kumar against R Balakrishnapillai

പത്തനാപുരം: ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. പാര്‍ട്ടിയ്ക്ക് ചെയര്‍മാനെ വേണ്ട, തന്നെ മതി. താന്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിയെ അഴിമതിക്കാര്‍ ഹൈജാക്ക് ചെയ്തുവെന്നും ഒരു ഘട്ടത്തില്‍ വി.എസ്സിനെ വരെ തള്ളിപ്പറഞ്ഞത് അച്ഛനുവേണ്ടിയാണെന്നും വികാരാധീനനായി ഗണേഷ് കുമാര്‍ തുറന്നടിച്ചു. പത്തനാപുരത്ത് തന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗണേഷ് കുമാര്‍ കേരള കോണ്‍ഗ്രസ് ബി. നേതാവും അച്ഛനുമായ ബാലകൃഷ്ണപിള്ളയെ തള്ളിപ്പറഞ്ഞത്.

പാര്‍ട്ടിയെ ചില കച്ചവടക്കാര്‍ റാഞ്ചി. പാര്‍ട്ടിക്കകത്ത് എനിക്കെതിരെ സംസാരിക്കുന്നത് ഈ കച്ചവടക്കാരാണ്. കച്ചവടക്കാരുടെ താല്‍പര്യങ്ങളാണ് ഒത്തുതീര്‍പ്പു വ്യവസ്ഥകളായി വരുന്നത്. ഒരു മകനെന്ന പരിഗണന തനിക്കു വേണ്ട. മറിച്ച് പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനായെങ്കിലും അംഗീകരിച്ചാല്‍ മതി. ഒരുപാട് സഹിച്ചു. ഇനിയും സഹിക്കാനാവില്ല. രോഷാകുലനായി കെ.ബി.ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞു. വി.എസ്സിനെതിരെ പറഞ്ഞത് അച്ഛനു വേണ്ടിയാണ്. അതില്‍ തനിക്ക് ഖേദമുണ്ട്. വി.എസ്സുമായി ഒരു ആത്മബന്ധം എനിക്കുണ്ടായിരുന്നു. ആ ബന്ധം ഇതുവരെയും ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

അച്ഛന്‍ ജയിലില്‍ പോയപ്പോള്‍ തനിക്കുണ്ടായ വേദന എല്ലാവരും കണ്ടതാണ്. പക്ഷെ എം.എല്‍.എ ആയി അനുഗ്രഹം തേടിപ്പോയപ്പോള്‍ എം.എല്‍.എ സ്ഥാനം തെറിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നെ മന്ത്രിയാക്കരുതെന്ന് ഉമ്മന്‍ ചാണ്ടിയോട് പാര്‍ട്ടിചെയര്‍മാനായ ബഹുമാനപ്പെട്ട ബാലകൃഷ്മപിള്ള സര്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിസാര്‍ ഇതെന്നോട് പറഞ്ഞിരുന്നു. കേവലം രണ്ടോ മൂന്നോ പേരുടെ ഭൂരിപക്ഷമുള്ള യു.ഡി.എഫ് തന്റെ പേരില്‍ സമ്മര്‍ദ്ദത്തിലാകരുതെന്നും മന്ത്രിയായില്ലെങ്കിലും പുറത്തു നിന്നും പിന്തുണക്കാമെന്നും ഞാന്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. തനിക്ക് മന്ത്രി സ്ഥാനത്തേക്കാള്‍ വലുത് പാര്‍ട്ടിയാണെന്നും ഒന്നുമല്ലാതായ പാര്‍ട്ടിയെ പൊടി തട്ടിയെടുത്തത് താനാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

പാര്‍ട്ടി ഇപ്പോള്‍ ആപത്തില്‍ പെട്ടിരിക്കുകയാണ്. രണ്ട് മാസം മുമ്പ് വന്ന ഒരു ബസ് മുതലാളിയാണ് ഇപ്പോള്‍ പാര്‍ട്ടി വക്താവ്. വിഷവിത്തുകളാണ് പാര്‍ട്ടിക്കകത്തുള്ളത്. അത്തരക്കാരെ തുരുത്താതെ പാര്‍ട്ടി രക്ഷപ്പെടില്ല. അതില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കുന്നതിനുള്ള തിരുത്തല്‍ ശക്തിയായി ഞാന്‍ പ്രവര്‍ത്തിക്കും. പാര്‍ട്ടിയെ ഞാനൊരിക്കലും പിളര്‍ത്തില്ല. എന്നാല്‍ പാര്‍ട്ടിയെ തിരുത്തന്നതിന് വേണ്ടി ഒരു പരിപാടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള സാറിന്റെ മുന്നില്‍ വെക്കും. താനൊരിക്കലും രാജിവെക്കില്ല. വേണമെങ്കില്‍ പുറത്താക്കാം. രാജിവെക്കാന്‍ താനൊരു തെറ്റോ അഴിമതിയോ ചെയ്തിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.എസ്.എസിനെതിരെയും ഗണേഷ് വിമര്‍ശനവുമായി മുന്നോട്ട് വന്നു. പാര്‍ട്ടിയെ എന്‍.എസ്.എസുമായി വീണ്ടും അടുപ്പിച്ചത് താനാണ്. എന്നാല്‍ പാര്‍ട്ടിയെ ഒരു സമുദായത്തിന്റെ ഭാഗമായി കാണുന്നത് ലജ്ജാകരമാണ്. കേരള കോണ്‍ഗ്രസ് ഒരു സമുദായത്തിന്റെയും ബ്രാഞ്ചല്ല. പാര്‍ട്ടി ദളിതരുടെയും എല്ലാമത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന മതേതര കാഴ്ചപ്പാടുള്ള സംഘടനയാണ്. തന്നെ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണമെന്നതിന്റെ തെളിവാണ് ഇന്നത്തെ യോഗം.

കൊടിക്കുന്നില്‍ സുരേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് താനല്ലെന്നും ഗണേഷ്‌കുമാര്‍ തുറന്നു പറഞ്ഞു. ബാലകൃഷ്ണപിള്ളയാണ് കൊടിക്കുന്നിലിനെ തോല്‍പ്പിച്ചത്. യു.ഡി.എഫിനെതിരെ വോട്ട് ചെയ്യാന്‍ ആര് പറഞ്ഞാലും അനുസരിക്കരുതെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനത്തുള്ളവരെ മാറ്റണമെന്നാണ് ചിലരുടെ ആവശ്യം. പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമിയുടെ സ്ഥാനത്തു നിന്നും മാറ്റി സന്തോഷ് പണ്ഡിറ്റിനെ നിയമിക്കണമോ? അദ്ദഹം ചോദിച്ചു.

അതേസമയം ഗണേഷിന് മറുപടി പറയേണ്ടത് താനല്ലെന്നും മറിച്ച് മധ്യസ്ഥരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തങ്കച്ചനുമാണെന്നും ഗണേഷിന്റെ പത്രസമ്മേളനത്തോട് പ്രതികരിച്ചുകൊണ്ട് ബാലകൃഷ്ണ പിള്ള പറഞ്ഞു.

MALAYALAM NEWS

Kerala News in English