തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ആദിമധ്യാന്തം’ എന്ന ചിത്രത്തെ ചൊല്ലി സര്‍ക്കാരും ജൂറിയും ചലച്ചിത്ര അക്കാദമിയും തമ്മിലുള്ള അടി തുടരുന്നു. ചിത്രത്തിന്റെ ഡി.വി.ഡി പൂര്‍ണമല്ലെന്ന് പറഞ്ഞ് സാംസ്‌കാരികമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്. ചലച്ചിത്രമേളയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സിനിമ ഉള്‍പെടുത്തിയ അക്കാദമി ഭാരവാഹികള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ആദിമധ്യാന്തം തിരുകിക്കയറ്റിയതിന് അക്കാദമിയും ജൂറിയും മറുപടി പറയണം. ജൂറിക്ക് അയച്ച സിഡി വിളിച്ചുവരുത്തി കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ചലച്ചിത്ര അക്കാദമിക്കു ലഭിച്ച ഡി.വി.ഡിയില്‍ നിരവധി സാങ്കേതിക കുഴപ്പങ്ങളുണ്ടെന്നും മത്സരവിഭാഗത്തില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കാനുള്ള അധികാരം അക്കാദമിക്കാണെന്നും മന്ത്രി പറഞ്ഞു. ചിത്രത്തിന്റെ ടെറ്റില്‍, സബ്‌ടൈറ്റില്‍ എന്നിവയൊന്നും ഡി.വി.ഡിയില്‍ ഒരിടത്തും പ്രദര്‍ശിപ്പിച്ചിട്ടില്ല. സൗണ്ട് ട്രാക്കും പൂര്‍ണമല്ല. പലതാരങ്ങളും ചിത്രത്തില്‍ ഡബ് ചെയ്തിട്ടില്ല. സൗണ്ട് മിക്‌സ് ചെയ്തിട്ടില്ല. ഷൂട്ടിങ് സമയത്ത് റെക്കോഡ് ചെയ്യുന്ന പൈലറ്റ് ട്രാക്ക് പലയിടത്തും കേള്‍ക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സംവിധായകനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അത് ലഭിച്ചു. അക്കാദമി ചെയര്‍മാന്‍ രണ്ടിന് സ്ഥലത്തെത്തിയശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും. കുറ്റക്കാര്‍ ആരായാലും കര്‍ശനനടപടിയുണ്ടാവും. ഇത്തരം കീഴ്‌വഴക്കങ്ങള്‍ അംഗീകരിക്കാനാവില്ല. പൂര്‍ത്തിയാകാത്ത ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്താമെന്ന നിലയില്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ല. അതിനാല്‍ ഇത്തരമൊരു ചിത്രം എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന കാര്യത്തില്‍ അന്വേഷണം വേണം. ഇക്കാര്യത്തില്‍ ആരുടെ ഭാഗത്താണ് വീഴ്ച ഉണ്ടായത് എന്നും കണ്ടെത്തും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ വിശ്വാസ്യത സംബന്ധിച്ചും സംശയമുയര്‍ന്നിട്ടുണ്ട്.

ചലച്ചിത്രോത്സവത്തില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും അവാര്‍ഡ് നിര്‍ണയ രീതിയിലും സമഗ്ര പരിഷ്‌കാരത്തിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. ഇത്തവണത്തെ ഫെസ്റ്റിവെല്‍ കഴിഞ്ഞാലുടന്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സജിത മഠത്തില്‍ നായികയായി അഭിനയിച്ച ആദിമധ്യാന്തം മാനദണ്ഡങ്ങള്‍ മറികടന്നാണ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്.

Malayalam News
Kerala News in English