കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ. അന്വേഷണം പക്ഷപാതപരമാണെന്നും തനിക്കെതിരെ ദുഷ്ടലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

56 പേജുകളുള്ള ജാമ്യാപേക്ഷ തുടങ്ങുന്നത് 25 വര്‍ഷമായി 70ല്‍ ഏറെ ചിത്രങ്ങളുടെ ഭാഗമായ സംസ്ഥാന പുരസ്‌കാരം നേടിയ അഭിനേത്രി സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ എന്നു പറഞ്ഞാണ്. പള്‍സര്‍ സുനിയെ തനിക്കെതിരെ പ്രസ്താവനകള്‍ നടത്താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനുവദിച്ചത് തനിക്കെതിരെയുള്ള നീക്കമായാണ് കാവ്യ ചൂണ്ടിക്കാണിക്കുന്നത്.

കേസില്‍ കാരണമില്ലാതെ തന്നെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കാവ്യ അപേക്ഷയില്‍ പറയുന്നു.

കേസില്‍ മാഡമെന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്‍ മേലുള്ള വാദം പൂര്‍ത്തിയായി. വിധി തിങ്കളാഴ്ച്ച പറയും. അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി

കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടേയും മുന്‍കൂര്‍ ജാമ്യത്തിലും തിങ്കളാഴ്ച്ചയാണ് വിധി പറയുന്നത്.