പെരുമഴക്കാലത്തിന് ശേഷം കാവ്യ കമലിന്‍റെ ചിത്രത്തില്‍ വേഷമിടുന്നു.  ഗള്‍ഫില്‍ അറബിയുടെ വീട്ടുജോലിക്കാരിയായാണ് കമല്‍ സംവിധാനം ചെയ്യുന്ന ‘ഗദ്ദാമ’ എന്ന  ചിത്രത്തില്‍ കാവ്യ എത്തുന്നത്.  വീട്ടുജോലിക്കായി ഗള്‍ഫിലെത്തുന്ന അന്യദേശക്കാരെ  അറബികള്‍ പൊതുവേ  ‘ഗദ്ദാമ’ എന്നാണ് വിളിക്കുന്നത്.

ആ പേരുതന്നെയാണ് കമല്‍ ചിത്രത്തിനും നല്‍കിയിരിക്കുന്നത്. ഗള്‍ഫില്‍ കുറഞ്ഞശമ്പളത്തില്‍ ജോലിചെയ്യുന്നവരെയും അവരുടെ കഷ്‌ടപ്പാടുകളുമാണ് കമല്‍ പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്നത്.

ആഗതനുശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗദ്ദാമ. സാമൂഹിക പ്രാധാന്യമുള്ള  ഒരു സിനിമ ചെയ്യണമെന്ന കമലിന്‍റെ ആഗ്രഹമാണ് ‘ഗദ്ദാമ’യിലെത്തിയിരിക്കുന്നത്. ‘വെറുതെ ഒരു ഭാര്യ’ എഴുതിയ കെ ഗിരീഷ്കുമാറാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍.

പെരുമഴക്കാലത്തിന് ശേഷം ശക്തമായ സ്‌ത്രീകഥാപാത്രത്തെയാണ്  കമല്‍ കാവ്യയിലൂടെ അണിയിച്ചൊരുക്കുന്നത്. കാവ്യയുടെ കഷ്‌ടപ്പാടുകളിലൂടെ അറബിനാട്ടില്‍ ഗ്ലാമര്‍ജോലിയല്ലാത്തവരുടെ വരച്ചുകാണിക്കുകയാണ് ചിത്രം.