ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ സന്ദര്‍ശിച്ചു. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. കാവ്യയുടെ അച്ഛനും ഇവരുടെ കൂടെയുണ്ടായിരുന്നു.

സംവിധായകനും സുഹൃത്തുമായ നാദിര്‍ഷായും ദിലീപിനെ കാണാന്‍ എത്തിയിരുന്നു. നാദിര്‍ഷ ദിലീപിനെ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് കാവ്യയും മകളും ദിലീപിനെ കാണാനെത്തിയത്.

നേരത്തെ, അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന്‍ ദിലീപിന് അങ്കമാലി മജിസ്ട്രേട്ട് കോടതി അനുമതി നല്‍കിയിരുന്നു. ഈ മാസം ആറാം തീയതിയാണ് അച്ഛന്റെ ശ്രാദ്ധം. രാവിലെ 7 മണി മുതല്‍ 11 വരെ വീട്ടില്‍ ചിലവിടാം എന്നാണ് കോടതി വ്യക്തമാക്കിയത്.


Also Read:  ‘എല്ലാ സിനിമകളെയും ജയഹോ ജയഹോ എന്ന് പറയുന്നതില്‍ കാര്യമില്ല’; വാഴ്ത്തല്‍ റിവ്യൂകള്‍ക്ക് വിരാമിട്ട് സൂപ്പര്‍ താരചിത്രങ്ങളെ  പ്രഹരിച്ച് മാതൃഭൂമി


ഇന്നു രാവിലെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ദിലീപ് അപേക്ഷനല്‍കിയത്. എന്നാല്‍ ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സുനി കാവ്യാമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തിയിരുന്നതായി സ്ഥാപനത്തിലെ ജീവനക്കാരന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയിലെത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മാഡം കാവ്യമാധവനാണെന്ന് സുനി വ്യക്തമാക്കിയിരുന്നു.