കൊച്ചി: കവിയൂര്‍ കേസില്‍ നിര്‍ണായകമായ കത്തയച്ച ശ്രീകുമാരി ആരുടെയോ ഭാവനാ സൃഷ്ടിയെന്നു സി.ബി.ഐയുടെ പ്രാഥമിക വിലയിരുത്തല്‍. ആത്മഹത്യ ചെയ്ത അനഘയ്ക്ക് ശ്രീകുമാരിയെന്നൊരു കൂട്ടുകാരി ഇല്ലയിരുന്നുവെന്നാണു സി.ബി.ഐ ചെന്നൈ യൂണിറ്റിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അതേസമയം, ഹൈക്കോടതിക്ക് ലഭിച്ച കത്തിലെ ചില വിശദാംശങ്ങളില്‍ കഴമ്പുണ്ടെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

കവിയൂരിലെ അനഘയുടെയും കുടുംബത്തിന്റെയും ആത്മഹത്യക്ക് ഉത്തരവാദികള്‍ സംസ്ഥാനത്തെ രണ്ട് സി.പി.ഐ.എം നേതാക്കളുടെ മക്കളാണെന്ന് സൂചിപ്പിച്ച് ശ്രീകുമാരി എന്നൊരാള്‍ എഴുതിയ കത്താണ് ഹൈക്കോടതിക്ക് നേരത്തെ ലഭിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് അനഘയെ പീഡിപ്പിച്ചതാരാണെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു. ശ്രീകുമാരി ആരാണെന്നും ഈ കത്തിന്റെ ഉദ്ദേശമെന്താണെന്നും അന്വേഷിക്കാന്‍ രണ്ടുമാസം മുന്‍പ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശ്രീകുമാരി ആരെന്നു കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം കവിയൂരില്‍ അനഘ പഠിച്ച സ്‌ക്കൂളില്‍ സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു. വളരെ കുറച്ചു സുഹൃത്തുക്കളേ അനഘയ്ക്ക് ഉള്ളൂവെന്നാണ് അന്വേഷണത്തില്‍ മനസിലായത്. അതില്‍ ശ്രീകുമാരി എന്നൊരാളില്ല. അനഘയെ അടുത്തറിയാവുന്ന ആരോ ശ്രീകുമാരി എന്ന പേരില്‍ കത്തെഴുതിയതാകാം എന്ന നിഗമനത്തിലാണ് സി.ബി.ഐ. കിളിരൂര്‍ പീഡനക്കേസില്‍ പ്രതിയായ ലതാനായരാണു കവിയൂര്‍ കേസിലേയും മുഖ്യപ്രതി.