Categories

കാവാസാക്കിയുടെ ആദ്യ സ്‌കൂട്ടര്‍

kavasaki

ലോക സൂപ്പര്‍ബൈക്ക് വിപണിയില്‍ മുന്‍നിരയിലുള്ള ജപ്പാന്‍ കമ്പനി കാവസാക്കി നിര്‍മിച്ച ആദ്യ സ്‌കൂട്ടറാണ് ജെ300.

മിലാനിലെ സൈക്കിള്‍ മോട്ടോര്‍സൈക്കിള്‍ എക്‌സിബിഷനിലാണ് കാവസാക്കി ഈ ‘സൂപ്പര്‍സ്‌കൂട്ടറിനെ’ അവതരിപ്പിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്‌കൂട്ടറുകള്‍ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് ജെ 300 നെ കമ്പനി പുറത്തിറക്കുന്നത്.

സൂപ്പര്‍ബൈക്കിനോട് സാമ്യമുള്ള രൂപവും സ്‌കൂട്ടറിന്റെ സ്വഭാവ സവിശേഷതകളുമടങ്ങിയ മോഡലാണ് കാവസാക്കി ജെ 300. സൂപ്പര്‍സ്‌കൂട്ടര്‍ അല്ലെങ്കില്‍ മാക്‌സി സ്‌കൂട്ടര്‍ വിഭാഗത്തില്‍പെടുന്ന 300 സിസി സ്‌കൂട്ടറാണിത്. മുന്നില്‍ നിന്നു നോക്കിയാല്‍ കാവസാക്കിയുടെ പല സൂപ്പര്‍ബൈക്കുകളെയും ഓര്‍മവരും.

നിന്‍ജ 300 നെ അനുസ്മരിപ്പിക്കുന്ന ഹെഡ്!ലാംപുകളാണിതിന്. ഒഴുകിയിറങ്ങുന്ന സീറ്റുകള്‍ , കാലുകള്‍ നീട്ടിയിരിക്കുന്നതിന് അനുയോജ്യമായ ഫുട്ട്‌പൊസിഷന്‍ , സ്‌പോര്‍ട്ടിയായ എക്‌സോസ്റ്റ് , വലിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവയെല്ലാം സ്‌റ്റൈലന്‍ തന്നെ. വൃത്താകൃതിയിലുള്ള ഇരട്ട ഡയലുകള്‍ക്ക് നടുവില്‍ ഡിജിറ്റല്‍ സ്‌ക്രീനുള്ള ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ കാറുകളുടേതുപോലെയാണ്.

സീറ്റിനു താഴെ 10 കിലോഗ്രാം വരെ ശേഷിയുള്ള ലഗേജ് സ്‌പെയ്‌സുണ്ട്. ഇതുകൂടാതെ മൊബൈല്‍ ചാര്‍ജിങ് ചെയ്യുന്നതിനും മറ്റ് ചെറിയ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ചെറിയ ഗ്ലൗ ബോക്‌സുമുണ്ട്.

12.8 ലീറ്റര്‍ സംഭരണശേഷിയുള്ള ഇന്ധനടാങ്കുള്ള സ്‌കൂട്ടറിന്റെ ആകെ ഭാരം 191 കിലോഗ്രാമാണ്. കാവസാക്കിയുടെ സവിശേഷ ഡിസൈനിലുള്ള ഇരട്ട പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഇതിനും നല്‍കിയിരിക്കുന്നു.

സാധാരണ സ്‌കൂട്ടറിനെ അപേക്ഷിച്ച് പിന്‍ഭാഗത്തിന് വലിയ പ്രത്യേകതകളൊന്നുമില്ല. എല്‍ഇഡി ടെയ്ല്‍ ലാംപാണ് ജെ 300ന് . 299 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ മാക്‌സി സ്‌കൂട്ടറിന് കരുത്ത് പകരുന്നത്.

26 ബിഎച്ച്പി പരമാവധി കരുത്തും 29 എന്‍എം ടോര്‍ക്കും ലഭിക്കും. സിവിടി ഓട്ടോമാറ്റിക്കാണ് ഗീയര്‍ ട്രാന്‍സ്മിഷന്‍ . എബിഎസ് സംവിധാനം ഓപ്ഷണലാണ്. വിലവിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡിസംബറോടെ ജെ 300 യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തും.

Autobeatz

Tagged with: