Categories

കാറ്റര്‍ഹാം ടൂവിലര്‍ നിര്‍മാണത്തിലേക്കും

katter ham

രണ്ടു സീറ്റര്‍ സ്‌പോര്‍ട്‌സ് കാറുകളുടെ നിര്‍മാണത്തിലൂടെ പ്രശസ്തമായ യുകെയിലെ കാറ്റര്‍ഹാം ഗ്രൂപ്പ് മോട്ടോര്‍സൈക്കിള്‍ നിര്‍മാണരംഗത്തേക്ക് കടക്കുന്നു.

മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് കാറ്റര്‍ഹാമിന്റെ ആദ്യ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ മുഖം കാണിച്ചത്. ബ്രൂട്ടസ് 750 , ക്ലാസിക് ഇബൈക്ക് , കാര്‍ബണ്‍ ഇബൈക്ക് എന്നിവയുടെ കണ്‍സപ്റ്റ് മോഡലുകള്‍ കാറ്റര്‍ഹാം പവലിയിനില്‍ കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചു.

ബ്രൂട്ടസ് 750 നെ ബൈക്കുകളിലെ എസ്‌യുവി എന്ന് വിശേഷിപ്പിക്കാം. സ്ട്രീറ്റ് ബൈക്കായും ഓഫ്‌റോഡ് ബൈക്കായും അതുമല്ലെങ്കില്‍ മഞ്ഞുകട്ടകള്‍ക്കു മുകളിലൂടെ ഓടുന്ന സ്‌നോമൊബൈലായും ഉപയോഗിക്കാവുന്ന ഓള്‍ ടെറയ്ന്‍ ഇരുചക്രവാഹനമാണ് ബ്രൂട്ടസ് 750. ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സാണിതിന്.

പഴയകാല ബ്രിട്ടീഷ് മോട്ടോര്‍സൈക്കിളുകളുടെ രൂപകല്‍പ്പന ശൈലിയില്‍ നിര്‍മിച്ച ഇലക്ട്രിക് ബൈക്കാണ് ക്ലാസിക് ഇ ബൈക്ക്. ലൈസന്‍സില്ലാതെ ഓടിക്കാവുന്ന ഇ ബൈക്ക് ഒറ്റ ചാര്‍ജിങ്ങില്‍ 4080 കിമീ ഓടും.

എഫ് വണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീന രൂപകല്‍പ്പനയാണ് കാര്‍ബണ്‍ ഇ ബൈക്കിന്. കാര്‍ബണ്‍ ഫൈബറുപയോഗിച്ച് നിര്‍മിച്ച ഭാരം കുറഞ്ഞ പ്രീമിയം ഇലക്ട്രിക് ബൈക്കാണിത്.

കാറ്റര്‍ഹാം എഫ് വണ്‍ ടീമിനോടും ജിപി 2 റേസിങ് ടീമിനോടുമൊപ്പം ചേര്‍ന്നാവും ഇരുചക്ര വാഹന വിഭാഗവും പ്രവര്‍ത്തിക്കുക.

2014 മധ്യത്തോടെ ബ്രൂട്ടസ് 750ന്റെ ഉത്പാദനം ആരംഭിക്കും. അതിനുശേഷമായിരിക്കും ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മാണത്തിലേക്ക് കടക്കുന്നത്.

കാറ്റര്‍ഹാം സെവന്‍ സ്‌പോര്‍ട്‌സ് കാറുകളിലൂടെ ആര്‍ജിച്ച വിശ്വാസ്യത ഇരുചക്രവാഹനവിപണിയിലും തുണയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Autobeatz

Tagged with: