കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത ഇടപാടുകാരന്‍ അറസ്റ്റില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ. വര്‍ഗീസാണ് (46) അറസ്റ്റിലായത്.

കടവന്ത്ര പൊലീസില്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കട്ടപ്പനയില്‍ നിന്നും കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Must Read: അത് എക്‌സിറ്റ് പോളല്ല: ബി.ജെ.പിയുടെ പെയ്ഡ് ന്യൂസ്: യു.പിയില്‍ ബി.ജെ.പി ജയിക്കുമെന്ന സര്‍വ്വേയെക്കുറിച്ച് വെളിപ്പെടുത്തി ദൈനിക് ജാഗരണ്‍ സി.ഇ.ഒ


നാലു മാസം മുമ്പാണ് തട്ടിപ്പിന് ഇരയായതു സംബന്ധിച്ച് കുഞ്ചാക്കോ ബോബന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഏറണാകുളം പുത്തന്‍ കുരിശില്‍ കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.

എന്നാല്‍ ഈ ഇടപാട് നടന്നില്ല. ഇടപാട് മുടങ്ങിയിട്ടും കുഞ്ചാക്കോ ബോബനില്‍നിന്ന് ഇയാള്‍ വാങ്ങിയ പണവും മടക്കി നല്‍കിയിരുന്നില്ല. പലതവണ പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്.