മാസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് കിംഗ് ഖാന്‍ കൊച്ചിയിലെത്തി മലയാളികളുടെ മനംകവര്‍ന്നത്. ഇതാ ബോളിവുഡില്‍ നിന്നും മറ്റൊരാള്‍ കൂടി കൊച്ചി സന്ദര്‍ശിക്കാനെത്തുകയാണ്. ബോളിവുഡ് താരം കത്രീന കൈഫാണ് ഇത്തവണ കൊച്ചിയിലേക്കെത്തുന്നത്.

മാര്‍ച്ച് 25നാണ് കത്രീന കൊച്ചിയിലെത്തുക. അന്ന് നടക്കുന്ന ഫാഷന്‍ ഷോയില്‍ കത്രീനയുടെ റാമ്പ് വോക്കുമുണ്ടാവും.

ഏകദേശം പത്ത് മിനിറ്റ് ദൈര്‍ഘ്യം വരുന്ന റാമ്പ് വോക്കിന് കത്രീന ഒരു കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നാണ് കേള്‍ക്കുന്നത്. ഇതേ വേദിയില്‍ റാമ്പ് വോക്കിനായി ക്ഷണിക്കപ്പെട്ട ഒരു പ്രാദേശിക താരത്തിന് കത്രീനയുടെ പകുതി പ്രതിഫലം പോലും നല്‍കുന്നില്ല.

‘ പ്രാദേശിക താരങ്ങളെക്കാള്‍ ഒരുപാട് പ്രതിഫലം ബോളിവുഡ് താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന താരങ്ങള്‍ക്കും പ്രാദേശിക താരങ്ങളെക്കാള്‍ കൂടുതല്‍ പണം ലഭിക്കുന്നുണ്ട്. ഉദാഹരണമായി ശ്രേയ ശരണ്‍, അസിന്‍, തൃഷ പോലുള്ള താരങ്ങള്‍ ഒരു പരിപാടിക്കായി 30 ലക്ഷം രൂപ പ്രതിഫലം പറ്റുന്നുണ്ട്.’ സംഘാടകരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പ്രദേശിക താരങ്ങളില്‍ സുരേഷ് ഗോപി, സംവൃത സുനില്‍, കാവ്യ മാധവന്‍ എന്നിവരാണ് മുന്‍നിരയിലുള്ളത്.

‘മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലുള്ള സൂപ്പര്‍സ്റ്റാറുകള്‍ക്ക് ബ്രാന്റ്‌സിനോടാണ് പ്രിയം. വളരെ തിരക്കേറിയ താരങ്ങളായതുകൊണ്ടുതന്നെ ഇവര്‍ ഇതുപോലുള്ള പൊതുപരിപാടികളില്‍ അധികം ശ്രദ്ധിക്കാറില്ല. ഏതെങ്കിലുമൊരു ബ്രാന്റിനുവേണ്ടി രണ്ടോ മൂന്നോ വര്‍ഷം മുഖം നല്‍കുകയെന്നതാണ് ഇവര്‍ തിരഞ്ഞെടുത്ത വഴി. ഒരു ചെറിയ ഫോട്ടോ ഷൂട്ടിലോ, കുറച്ച് സമയത്തെ പരസ്യചിത്രീകരണത്തിലോ ബ്രാന്റ്‌സിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഒതുക്കാം. സമയവും ലാഭിക്കാം. കോടികള്‍ പ്രതിഫലമായി ലഭിക്കുകയും ചെയ്യും.’ വൃത്തങ്ങള്‍ പറയുന്നു.

Malayalam news

Kerala news in English