ഗുര്‍ഗൗണ്‍: ഒരു പരസ്യവും ഫോണ്‍ നമ്പറും കൊണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണ് ഗുര്‍ഗൗണിലെ സോഫ്റ്റ് വെയര്‍ പ്രഫഷണല്‍ ഷിപ്ര സേത്. ഷിപ്രയുടെ നമ്പര്‍ ഒരു ശീതളപാനീയത്തിന്റെ പരസ്യത്തില്‍ തെറ്റായി ഉപയോഗിച്ചുപോയതാണ് പ്രശ്‌നമായത്.

നടി കത്രീന മോഡലായ ശീതളപാനീയത്തിന്റെ പരസ്യത്തിനുവേണ്ടി കമ്പനി തെറ്റായി നല്‍കിയിരിക്കുന്നത് ഷിപ്രയുടെ നമ്പറാണ്. കഴിഞ്ഞ മൂന്ന് നാല് ആഴ്ചകള്‍ക്കിടെ ആയിരക്കണക്കിന് ഫോണ്‍ കോളുകളും, അശ്ലീലസന്ദേശങ്ങളുമാണ് ഷിപ്രയുടെ ഫോണിലേക്കെത്തുന്നത്.

ഫെബ്രുവരി മുതലാണ് ഈ പരസ്യം വന്നത്. കത്രീനയുടെ നമ്പര്‍ ലേബലിനടിയില്‍ എന്ന പരസ്യവാചകത്തോടെയാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. കത്രീനയെ വിളിക്കാനായി പാനീയം വാങ്ങി ലേബല്‍ പൊളിച്ചുനോക്കിയവര്‍ക്ക് കിട്ടയത് ഷിപ്രയുടെ നമ്പറും.

‘ ദിവസവും ആയിരക്കണക്കിന് ഫോണ്‍കോളുകളും എസ്.എം.എസുകളുമാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ഞാന്‍ കത്രീനയല്ലെന്ന് ആളുകളോട് പറഞ്ഞ് മടുത്തു’ ഷിപ്ര പറയുന്നു.

പരസ്യത്തില്‍ നിന്നും തന്റെ ഫോണ്‍ നമ്പര്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഷിപ്ര കമ്പനിയെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഉപഭോക്താക്കള്‍ തെറ്റായ നമ്പര്‍ ഡയല്‍ ചെയ്താല്‍ അതിന് ഉത്തരവാദികളല്ലെന്നുമാണ് അവര്‍ നല്‍കിയ മറുപടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച തന്റെ നമ്പര്‍ പ്രിന്റ് ചെയ്ത ലേബലുകള്‍ ഷിപ്ര ശേഖരിച്ചുവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്ക് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണവരിപ്പോള്‍.

പുറംവേദനയെ തുടര്‍ന്ന് ജനുവരി നാല് മുതല്‍ വിശ്രമത്തിലാണ് ഷിപ്ര. എന്നാല്‍ ഈ ഫോണ്‍കോളുകള്‍ ഇവര്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുകയാണ്. കോള്‍ വരുന്നത് കാരണം രാത്രി ശരിയായി ഉറങ്ങാന്‍ പോലുമാകാത്ത സ്ഥിതിയാണിതെന്നാണ് ഷിപ്ര പറയുന്നത്.