എഡിറ്റര്‍
എഡിറ്റര്‍
മമത സ്വയം മാറണമെന്ന് കഠ്ജു; ആരുടേയും ഉപദേശം തത്ക്കാലം വേണ്ടെന്ന് മമത
എഡിറ്റര്‍
Friday 30th November 2012 10:34am

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കഠ്ജു.

മമത കൂടുതല്‍ ക്ഷമാശീലയാകണമെന്നും സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മതിയായ അഭിപ്രായ സ്വാതന്ത്ര്യം നല്‍കണമെന്നും കഠ്ജു പറഞ്ഞു. തന്റെ ബ്‌ളോഗില്‍ മമതയ്ക്കായി പോസ്റ്റ് ചെയ്ത കത്തിലാണ് കഠ്ജു ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

അടുത്തിടെ താന്‍ ബംഗാളില്‍ എത്തിയപ്പോഴാണ് അവിടുത്തെ യഥാര്‍ത്ഥ അവസ്ഥ മനസിലാകുന്നതെന്നും അവിടുത്തെ മന്ത്രിമാര്‍ പലരും സ്വന്തം അഭിപ്രായം പോലും തുറന്നുപറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടിയിരിക്കുകയാണെന്നും കഠ്ജു പറഞ്ഞു. മമതയുടെ ഭരണമാണ് അവരെ ഇങ്ങനെ ആക്കിയത്. ഭരിക്കുന്ന മന്ത്രിമാര്‍ക്ക് കൂടി അവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല.

ആരോഗ്യകരമായ ഒരു ഭരണമല്ല ബംഗാളില്‍ നടക്കുന്നത്. ഇതേ രീതിയിലാണ് താങ്കള്‍ ഭരണം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അധികകാലം അധികാരത്തില്‍ തുടരാമെന്ന് കരുതേണ്ട. അഹങ്കാരമാണ് മമതയുടെ ഏറ്റവും വലിയ പ്രശ്‌നം. മമത ഒരു തെറ്റ് ചെയ്തതിന് ശേഷം ഒരിക്കല്‍ പോലും ജനങ്ങളോട് ആ തെറ്റിന് മാപ്പ് പറയുന്നതോ തന്റെ ഭാഗത്താണ് തെറ്റെന്ന് സമ്മതിക്കുന്നതോ കണ്ടിട്ടില്ല.

എന്തിനേയും ധൈര്യമായി നേരിടുന്നവരാണ് ബംഗാളികള്‍. മമതയുടെ ഈ ഭരണത്തിന് അവര്‍ ഒരിക്കലും മാപ്പ് കൊടുക്കുമെന്ന് തോന്നുന്നില്ല. മമതയ്‌ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയാന്‍ ധൈര്യപ്പെട്ടാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ് ചെയ്യുന്നത്.

മുഖ്യമന്ത്രിയ്‌ക്കെതിരായ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്ത ജാദവ് പൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ അംബികേഷ് മഹാപാത്രയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണം. അതുപോലെ പൊതുവേദിയില്‍ മമതയ്‌ക്കെതിരെ ശബ്ദിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കര്‍ഷകന്റെ കാര്യത്തിലും നീതി നടപ്പാക്കേണ്ടതുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെപ്പോലെ തന്നെയാണ് മമതയും പെരുമാറുന്നത്. ശിവസേനാ നേതാവ് ബാല്‍താക്കറെയ്ക്കിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട സര്‍ക്കാരാണ് അവിടുത്തേത്.

മമതയുടെ ഒരു അഭ്യുതയകാംക്ഷി എന്ന നിലയ്ക്കാണ് താന്‍ ഇത് പറയുന്നത്. സ്വയം മാറാന്‍ മമത തയ്യാറാകണം. അങ്ങനെയാണെങ്കില്‍ നല്ലൊരു ഭരണാധികാരിയാകാന്‍ അവര്‍ക്ക് സാധിക്കും. നമ്മളെല്ലാവരും മനുഷ്യരാണ്. തെറ്റുകള്‍ ആര്‍ക്കും പറ്റാം. എന്നാല്‍ സ്വന്തം തെറ്റുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നവരാണ് വലിയവര്‍. അത്തരത്തിലൊരു മാറ്റം താങ്കള്‍ക്കും ഉണ്ടാവുകയാണെങ്കില്‍ ബംഗാളിലെ ജനത മുഴുവന്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയായി താങ്കള്‍ മാറുമെന്നതില്‍ സംശയമില്ല-കഠ്ജു പറഞ്ഞു.

എന്നാല്‍ ആരുടേയും ഉപദേശം തനിയ്ക്ക് വേണ്ടെന്നും ഇത്തരം ഉപദേശങ്ങളും സമ്മര്‍ദ്ദങ്ങളും സ്വീകരിച്ചല്ല തന്റെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മമത തുറന്നടിച്ചു.

കഠ്ജുവിന്റെ കത്ത് എനിയ്ക്ക് ലഭിച്ചിട്ടില്ല. ആരുടേയും സമ്മര്‍ദ്ദത്തിനനുസരിച്ച് ഭരണം നടത്താന്‍ സാധിക്കുകയുമില്ല. ചില സ്വകാര്യ താത്പര്യമാണ് പലരെകൊണ്ടും ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. അത് ഞാന്‍ കാര്യമാക്കുന്നില്ല. ഒരു കാര്യം ചെയ്യണമെന്ന് എനിയ്ക്ക് തോന്നിയാല്‍ അത് ഞാന്‍ ചെയ്യും. അതിന് മറ്റുള്ളവരെ കാത്ത് നില്‍ക്കില്ല.

നിയമത്തില്‍ അധിഷ്ഠിതമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ആളുകള്‍ ബന്ദിന് ആഹ്വാനം ചെയ്യുന്നതും റോഡ് തടയുന്നതും സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ട. ജനങ്ങളെ തെറ്റായ രീതിയില്‍ നടത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അതായിരിക്കാം എന്റെ കഴിവുകേട്‌ -മമത പറഞ്ഞു.

Advertisement