കോഴിക്കോട്: ജമ്മുവിലെ കത്തുവയില്‍ മുസ്‌ലിം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചെന്ന പേരില്‍ തിങ്കളാഴ്ച്ച ചിലര്‍ നടത്തിയ ഹര്‍ത്താലില്‍ സംശയമുണ്ടെന്ന് ഐ.എന്‍.എല്‍. സംഭവിത്തല്‍ രാജ്യത്ത് ഉയര്‍ന്ന് വന്ന രാജ്യവ്യപക പ്രതിഷേധം അട്ടിമറിക്കാന്‍ ചില ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച്ച കേരളത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിന് പിന്നില്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടികളൊ സംഘടനകളൊ ഇല്ലെന്നിരിക്കെ പലസംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. നിഗൂഢമായ ഇത്തരം പ്രതിഷേധ രീതികളോട് യോജിക്കാനാവില്ല. ഹിന്ദുത്വ കാപാലികതക്കെതിരായ പോരാട്ടം വഴിതെറ്റാതിരിക്കാന്‍ തീര്‍ത്തും ജനാധിപത്യവും സുതാര്യവും മതേതരവുമായ മാര്‍ഗമാണ് അവലംബിക്കേണ്ടതെന്നും ഐ.എന്‍.എല്‍ ഭാരവാഹികള്‍ പറഞ്ഞു.


Read Also : വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിഷ്ണു നന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്


തിങ്കളാഴ്ച്ചത്തെ ഹര്‍ത്താല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ പൊലീസ് നിയമം 78, 79 വകുപ്പുകള്‍ പ്രകാരമാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ 7 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും പതിച്ചിരുന്നു പക്ഷേ ഔദ്യോഗികമായി ആരും ഹര്‍ത്താലുകളൊന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.