ന്യൂദല്‍ഹി: കത്തുവയില്‍ മുസ്‌ലിം ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ചണ്ഡിഗറിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയില്‍. കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാണെന്ന് കാണിച്ചാണ് ആവശ്യം.

കേസില്‍ ഹാജരാവുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹരജിയിലുണ്ട്. ഇതോടെ കേസിന്റെ വിചാരണ ഈ മാസം 28 ലേക്ക് മാറ്റി. ഹരജി ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.


Read | രാജസ്ഥാനിലെ ബര്‍മറില്‍ മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്; കൊലപാതകമെന്ന് ബന്ധുക്കള്‍


അതേസമയം, തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അഭിഭാഷകയും രംഗത്തെത്തിയിട്ടുണ്ട്. ‘വിചാരണ സമാധാനപരമായി നടക്കുമെന്ന് തോന്നുന്നില്ല. കത്വയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ പോലും അഭിഭാഷകര്‍ ക്രൈബ്രാഞ്ചിനെ അനുവദിച്ചില്ല’ – അവര്‍ പറഞ്ഞു.

കേസില്‍ എട്ട് പ്രതികളുടെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെയാണ് മാറ്റിവച്ചത്. ഏഴ് പേര്‍ക്കെതിരെയുള്ള ചാര്‍ജ് ഷീറ്റാണ് കത്വ സെഷന്‍സ് കോടതി പരിഗണിക്കുക. പ്രായപൂര്‍ത്തിയാവാത്ത കുറ്റാരോപിതന്റെ വിചാരണ ബാലനിയമമനുസരിച്ച് പിന്നീടാവും നടത്തുക.


Read | സമരം അവസാനിപ്പിക്കാതെ ചര്‍ച്ച വേണ്ട; ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടാന്‍ ആരോഗ്യമന്ത്രിയോട് സര്‍ക്കാര്‍


കേസില്‍ ജമ്മു-കാശ്മീര്‍ സര്‍ക്കാര്‍ സിഖുകാരായ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. കേസില്‍ പക്ഷപാതിത്വം വരാതിരിക്കാനാണ് സിഖ് അഭിഭാഷകരെ നിയമിച്ചതെന്ന് കരുതപ്പെടുന്നു.

ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത നിലപാടെടുത്തെങ്കിലും തുടര്‍ന്നും പ്രശ്‌നങ്ങള്‍ നടക്കുമെന്ന് കരുതിയാണ് കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ഹര്‍ജി നല്‍കിയത്. കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞ അഭിഭാഷകര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ആറുമണിക്കൂറിലേറെ വൈകിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷനെ സംഭവത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.


Read | തൃശ്ശൂരില്‍ അമ്മയും മകളുമടക്കം നാലുപേര്‍ ക്വാറിയില്‍ മുങ്ങി മരിച്ച സംഭവം; കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ 20,000 രൂപയുടെ ധനസഹായം


ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തി്ല്‍ വ്യക്തമാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ് സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്.

ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.