കണ്ണൂര്‍: തലശ്ശേരി കതിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ ഉള്‍പ്പെടുന്ന കുറ്റപത്രമാണ് സി.ബി.ഐ ഇന്ന് സമര്‍പ്പിക്കുന്നത്.

മനോജ് വധക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചത് കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. പി ജയരാജനെതിരെ സാക്ഷിമൊഴികളുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.


Dont Miss: ഹാദിയയുടെ വീട്ടിലെത്തിയ യുവതികളെ മാവോയിസ്റ്റനുകൂലികളാക്കി ജനം ടി.വി


2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. കേസിലെ പ്രതികളെല്ലാം സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

നേരത്തെ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിലാണ് പി ജയരാജനെ സി.ബി.ഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്. യു.എ.പി.എ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.