കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റത്തിന് യു.എ.പി.എ ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കേണ്ട കേന്ദ്രസര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കുറ്റപത്രം മടക്കിയത്.

അതേസമയം തങ്ങളുടെ വാദങ്ങള്‍ കൂടി കേട്ടശേഷം മാത്രമേ കുറ്റപത്രം തള്ളാവു എന്ന് സി.ബി.ഐ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ ഏഴിലേക്ക് മാറ്റി.

തനിക്കെതിരെ യു.എ.പി.എ ചുമത്താനുള്ള സി.ബി.ഐയുടെ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാണെന്ന് ജയരാജന്‍ ആരോപിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സി.ബി.ഐ യു.എ.പി.എ ചുമത്തിയത്. നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നിയമപരിരക്ഷയ്ക്കായി ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


ലൈംഗിക ശേഷിയില്ലെന്ന് ഗുര്‍മീത് കോടതിയില്‍; രണ്ട് മക്കള്‍ പിന്നെ എങ്ങനെയുണ്ടായെന്ന് ജഡ്ജി


2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. കേസിലെ പ്രതികളെല്ലാം സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചത് കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. പി ജയരാജനെതിരെ സാക്ഷിമൊഴികളുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

നേരത്തെ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിലാണ് പി ജയരാജനെ സി.ബി.ഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്. യു.എ.പി.എ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ 20ാം പ്രതിയായി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനും ഉള്‍പ്പെട്ടിട്ടുണ്ട്.