അമ്പലപ്പുഴ: കുട്ടനാട്ടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ പത്‌നി കാത്തയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തകഴി ശിവശങ്കരപ്പിള്ള അന്തിയുറങ്ങുന്ന ശങ്കരമംഗലത്തെ സ്മൃതിമണ്ഡപത്തിനരികിലാണ് കാത്തയുടെ മൃതദേഹം സംസ്‌കരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, സുകുമാര്‍ അഴീക്കോ’ട് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

തകഴിക്കൊപ്പം നിഴല്‍ പോലെ എന്നുമുണ്ടായിരുന്ന കമലാക്ഷിയമ്മ എന്ന കാത്ത ബുധനാഴ്ച പകല്‍ 11.30ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് അന്തരിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകളാണ് കാത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ശങ്കരമംഗലത്ത് എത്തിയത്.