ലണ്ടന്‍: വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ വി.വി.ഐ.പികളെ സാക്ഷിനിര്‍ത്തി കെയ്റ്റ് മിഡില്‍ടണിനെ വില്യം രാജകുമാരന്‍ മിന്നണിയിച്ചു. സാധാരണകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കെയ്റ്റ് മിഡില്‍ടണ്‍ ഇനി രാജകുടുംബത്തിലേക്ക്. രാജകീയ പ്രൗഡി നിറഞ്ഞുനിന്ന ചടങ്ങിനൊടുവിലാണ് വില്യം കെയ്റ്റിനെ സ്വന്തമാക്കിയത്.

ക്ഷണിക്കപ്പെട്ട 1900 അതിഥികള്‍ക്കാണ് കെയ്റ്റ്-വില്യം വിവാഹം നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ ടി.വിയിലൂടെയും നെറ്റിലൂടേയെയും ആഡംബരകല്യാണം ലൈവായി കണ്ടു. വിവാഹത്തിനുശേഷം തുറന്ന വാഹനത്തില്‍ വരനും വധുവും ബെക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് തിരിച്ചു. പ്രത്യേക ക്ഷണിതാക്കളായ 650 പേര്‍ക്ക് അവിടെവെച്ചാണ് കല്യാണസല്‍ക്കാരം നല്‍കുന്നത്.

വിവാഹത്തോടെ വില്യം രാജകുമാരന്‍ ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കെയ്റ്റ് ഇനിമുതല്‍ ഡെച്ചസ് ഓഫ് കേംബ്രിഡ്ജ് ആയി അറിയപ്പെടും. ഡെവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, പ്രശസ്ത ഗായകനായ സര്‍ എല്‍ട്ടണ്‍ ജോണ്‍, ഡേവിഡ് ഫര്‍ണിഷ്, മുന്‍ ഇംഗ്ലണ്ട് റഗ്ബി കോച്ച് സര്‍ ക്ലൈവ് വുഡ്വാര്‍ഡ് എന്നിവര്‍ രാജകീയ വിവാഹത്തിനെത്തിയ പ്രമുഖരില്‍പ്പെടുന്നു.