എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍: കരട് വിജ്ഞാപനമില്ല, ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി
എഡിറ്റര്‍
Tuesday 4th March 2014 9:35pm

western-gattu-2

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കടര് വിജ്ഞാപനം ഇറക്കാനാവില്ലെന്ന് പരിസ്ഥിതി സെക്രട്ടറി വ്യക്തമാക്കി.

പകരം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം കേരളം ആവശ്യപ്പെട്ടത് പോലെ 123 വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് വീണ്ടും ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി.

ഉമ്മന്‍.വി.ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു.

നവംബര്‍ 13ലെ ഉത്തരവ് അതേപടി നിലനില്‍ക്കും.

രണ്ട് പേജുള്ള ഓഫീസ് മെമ്മോറാണ്ടത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണം ഒഴികെയുള്ള കാര്യങ്ങളില്‍ പരാമര്‍ശമില്ല.

നേരത്തെ പരിസ്ഥിതി മന്ത്രാലയം തയാറാക്കിയ കരട് വിജ്ഞാപനം നിയമ മന്ത്രാലയത്തിന് കൈമാറിയിരുന്നു.

നിയമമന്ത്രാലയത്തിന്റെ പരിശോധന പൂര്‍ത്തിയായാല്‍ കരട് വിജ്ഞാപനം പുറത്തിറക്കുന്നതുമായി മുന്നോട്ട് പോകുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് ഹരിതട്രിബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കരട് വിജ്ഞാപനത്തിന്റെ നിയമപരിശോധന ഏറെ നിര്‍ണ്ണായകമാണ്.

കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ വരുന്നുവെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് പഠിക്കാന്‍ കേരളം നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന് കാണിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത്.

ഓഫീസ് മെമ്മോറാണ്ടം എന്ന കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇടുക്കി മുന്‍ എം.പിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.

Advertisement