എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍: കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ അറിയിച്ചു
എഡിറ്റര്‍
Saturday 16th November 2013 12:55am

ummen@

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതുസംബന്ധിച്ച് നവംബര്‍ 13-ന് കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചു.

അന്തിമ വിജ്ഞാപനമല്ല ഇതെന്നും കരട് മാത്രമാണെന്നും ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടെന്നും മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നാല് മാസത്തെ സമയം ലഭിക്കും. നിലവില്‍ ഉണ്ടായിരുന്ന ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇതോടെ ഇല്ലാതാകും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള അഭിപ്രായങ്ങള്‍കൂടി അറിഞ്ഞശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂവെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

അതേസമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ വനം വകുപ്പിന് പങ്കില്ലെന്ന് ചീഫ് വൈല്‍ഡ് വാര്‍ഡന്‍ അറിയിച്ചു.  ഇപ്പോള്‍ നിലവില്‍ വന്ന വിജ്ഞാപനം നടപ്പിലാക്കുന്നതിന് വനം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുമില്ല.

റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതിനു ശേഷം  പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും ഓഫീസുകള്‍ക്കെതിരെയും ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആശങ്കകള്‍ ദൂരീകരിക്കേണ്ട ആവശ്യം വനം വകുപ്പ് പൂര്‍ണ്ണമായും ഉള്‍ക്കൊളളുന്നു.

എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും തുടര്‍ന്നുളള വിജ്ഞാപനത്തെയും ബന്ധപ്പെടുത്തി വനം വകുപ്പിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതില്‍ അടിസ്ഥാനമില്ലെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

Advertisement