എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനമിറങ്ങി: കേരളത്തില്‍ 9993.7 ച.കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖല
എഡിറ്റര്‍
Tuesday 11th March 2014 11:16am

western-ghatt

ന്യൂദല്‍ഹി:  തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതോടെ കസ്തൂരിരംഗന്‍ സമിതിയുടെയും വിദഗ്ദ സമിതിയുടെയും നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും ഉള്‍പ്പെടുത്തി കേന്ദ്ര പരിസിഥിതി മന്ത്രാലയം കരട് വിജ്ഞാപനമിറക്കി.

കേരളത്തില്‍ 9993.7 ചതുരശ്ര കിലോ മീറ്റര്‍ പരിസ്ഥഇതി ലോല പ്രദേശമാണ്. ഇതില്‍ 9,107 ച.കിലോ മീറ്റര്‍ വനവും 886.7 ച.കിലോ മീറ്റര്‍ വനേതര മേഖലയുമാണ്.

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറ,മണല്‍ ഖനനം അനുവദിക്കില്ലെന്നും പുതിയ താപവൈദ്യുത നിലയങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു.

കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും വിധിയ്ക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അന്തിമ വിജ്ഞാപനം പുറത്തിറങ്ങുന്നതുവരെ കഴിഞ്ഞ നവംബര്‍ 13ലെ നിര്‍ദ്ദേശങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കരട് വിജ്ഞാപനവും നിര്‍ദ്ദേശവും വ്യത്യസ്ത കാര്യങ്ങളാണെന്നും പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി വി.രാജഗോപാലന്‍ പറഞ്ഞു.

കരട് വിജ്ഞാപനം പുറത്തിറക്കാന്‍ ഇന്നലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കരുതെന്നുംകമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കരട് വിജ്ഞാപനം പുറത്തിറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യഴാഴ്ച്ചയാണ് പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഇതുസംബന്ധിച്ച് കേരളം നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്‌ഐ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരുന്നു.

പ്രസ്തുത കമ്മിറ്റിയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഓഫീസ് മെമ്മോറാണ്ടവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കരട് വിജ്ഞാപനം പുറത്തിറക്കുന്നത് സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനിന്നിരുന്നു.

Advertisement