എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട്: കേന്ദ്രം മെമ്മോറാണ്ടം പുറപ്പെടുവിച്ചു
എഡിറ്റര്‍
Sunday 17th November 2013 6:48am

westerghat

ന്യൂദല്‍ഹി: പശ്ചിമ ഘട്ട മലനിരകളുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതുക്കിയ ഓഫീസ് മെമ്മോറാണ്ടം (ഒ.എം) പുറപ്പെടുവിച്ചു.

തീരുമാനം വരാനിരിക്കുന്ന കാര്യങ്ങളുടെ തല്‍സ്ഥിതി വ്യക്തമാക്കുന്ന രേഖയാണ് ഒ.എം.

കേന്ദ്രം അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനം പൊതുഅഭിപ്രായം അറിയാനായി വെബ്‌സൈറ്റില്‍ ലഭ്യമാക്കും. എന്നാല്‍ കരട് വിജ്ഞാപനം എപ്പോള്‍ പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനെ കുറിച്ച് ഒ.എമ്മില്‍ വിശദീകരിക്കാറില്ലെന്നും എത്രയും വേഗം കരട് വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മ്ര്രന്താലയവൃത്തങ്ങള്‍ അറിയിച്ചു.

അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നാല് മാസത്തെ സമയമനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ ഇന്നലത്തെ ഒ.എമ്മിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഖനനം, ക്വാറി, മണല്‍ വാരല്‍, താപനിലയങ്ങള്‍, 20,000 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, 50 ഹെക്ടറില്‍ അധികമുള്ള ടൗണ്‍ഷിപ്പുകള്‍ തുടങ്ങയവയ്ക്കാണ് റിപ്പോര്‍ട്ടില്‍ നിരോധനം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പോലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമസഭയുടെ അനുമതി നിര്‍ബന്ധമായിരിക്കും.

കേരളത്തില്‍ നിന്നുമുയരുന്ന ആശങ്കകള്‍ക്ക് കാരണം പരിസ്ഥിതി ലോല സോണുകളും (ഇ.എസ്.സെഡ്) പരിസ്ഥിതി ലോല പ്രദേശങ്ങളും  (ഇ.എസ്.എ) തമ്മില്‍ വ്യക്തമായി വേര്‍തിരിച്ച് കാണാത്തതാണെന്ന് വിലയിരുത്തലുണ്ട്.

കടുവാ സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇ.എസ്.സെഡ്. ഇവയ്ക്ക് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഇ.എസ്.എയില്‍ വരുന്ന പ്രദേശങ്ങളില്‍ പ്രാദേശിക മുന്‍തൂക്കങ്ങള്‍ കൂടി കണക്കിലെടുത്ത് കൊണ്ടായിരിക്കും വ്യവസ്ഥകള്‍ നടപ്പിലാക്കുക.

Advertisement