എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: നാല് മാസത്തെ സാവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
എഡിറ്റര്‍
Saturday 16th November 2013 7:09am

westerghat

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നാല് മാസത്തെ സാവകാശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കയറിയിച്ച് കേന്ദ്രമന്ത്രിയുമായി ഉമ്മന്‍ ചാണ്ടി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.

റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം അന്തിമമല്ല. ഇത് കരട് മാത്രമാണ്. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. റിപ്പോര്‍ട്ടിന്‍മേലുള്ള അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞതിന് ശേഷമേ അന്തിമവിജ്ഞാപനം പുറത്തിറക്കുകയുള്ളു എന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ച് മാത്രമേ റിപ്പോര്‍ട്ട് നടപ്പിലാക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ ആശങ്കകള്‍ കേന്ദ്രത്തിനെ അറിയിച്ചതാണ്.

റിപ്പോര്‍ട്ടിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അവയൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായാണ് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്.

ജനങ്ങളുടെ പാര്‍പ്പിടവും കൃഷിയും സംരക്ഷിച്ച് കൊണ്ട് മാത്രമേ റിപ്പോര്‍ട്ട് നടപ്പിലാക്കൂ. ഒരാളെ പോലും കുടിയിറക്കില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന അഞ്ച് കാര്യങ്ങളിലൊഴികെ ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമില്ല. അതില്‍ തന്നെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.

ചില സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായാണ് സമരമുണ്ടായത്. ഏത് പ്രശ്‌നത്തിലും ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇത് അക്രമാസക്തമാകരുത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനും പാടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തിലായി എന്ന് വാര്‍ത്ത പരന്നതിനെ കുറിച്ച് വടക്കന്‍ ജില്ലകളിലുണ്ടായ സംഘര്‍ഷങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഡി.ജി.പി കെ. ബാലസുബ്രഹ്മണ്യം, ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമരം പെട്ടെന്ന് അക്രമാസക്തമായതിന് പിന്നില്‍ സാമൂഹ്യവിരുദ്ധ ശക്തികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement