ഹവാന: അധികാരമൊഴിഞ്ഞ ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോ ആശയസംവാദത്തിനായി വീണ്ടും പൊതുവേദിയില്‍ എത്തി. നീണ്ട ഒമ്പതു മണിക്കൂറാണ് കാസ്‌ട്രോ സദസ്സിനോട് സംവദിച്ചത്.  ഹവാന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

22 രാജ്യത്തു നിന്നെത്തിയ എഴുത്തുകാരും പണ്ഡിതരുമടങ്ങുന്ന സമൃദ്ധമായ സദസായിരുന്നു അത്. മണിക്കൂറുകള്‍ നീണ്ട പ്രസംഗങ്ങളിലൂടെ ക്യൂബയെ വിസ്മയിപ്പിച്ച കാസ്‌ട്രോയുടെ യൗവ്വനകാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ‘നമ്മള്‍ പോരാടണം. നിരാശ ചിന്തകളെ വിജയിക്കാന്‍ അനുവദിക്കരുത്. അത് നമ്മുടെ കടമയാണ്’ കാസ്‌ട്രോ ചടങ്ങില്‍ പറഞ്ഞു.

ഇന്നത്തെ ലോകത്തിന്റെ അവസ്ഥയും ലോകത്തിന്റെ മാറ്റങ്ങളും കാസ്‌ട്രോയുടെ ആരോഗ്യസ്ഥിതിയും വരെ സംവാദവേദിയില്‍ ചര്‍ച്ചാവിഷയമായെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റായ ‘ക്യൂബ ഡിബേറ്റ്’ റിപ്പോര്‍ട്ട് ചെയ്തു. കാസ്‌ട്രോ എഴുതുകയും പ്രസംഗിക്കുകയുംചെയ്യുന്ന നിരവധി ചിത്രങ്ങളും സൈറ്റ് പുറത്തുവിട്ടു.

ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ക്യൂബയുടെ അധികാരമൊഴിഞ്ഞ കാസ്‌ട്രോ മരിച്ചെന്നു വരെ രാജ്യത്ത് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് കാസ്‌ട്രോ വീണ്ടും വേദിയിലെത്തിയത്.

കാസ്‌ട്രോയുടെ പ്രസരിപ്പിലും സാന്നിധ്യത്തിലും ചടങ്ങില്‍ പങ്കെടുത്തവര്‍ ആവേശഭരിതരായി. ഒരാഴ്ചയ്ക്കിടെ കാസ്‌ട്രോ പങ്കെടുക്കുന്ന രണ്ടാമത്തെ പൊതുപരിപാടിയാണ് ഇത്. ക്യൂബന്‍ വിപ്ലവം വരെയുള്ള തന്റെ ജീവിതത്തിന്റെ ഓര്‍മക്കുറിപ്പായ ‘ഗറില്ലാ മാന്‍ ഓഫ് ടൈം’ പ്രകാശനംചെയ്യുന്ന ചടങ്ങിലായിരുന്നു കാസ്‌ട്രോ ഇതിനുമുന്‍പ് പങ്കെടുത്തിരുന്നത്. കാസ്‌ട്രോയുടെ ഊര്‍ജ്ജസ്വലത സദസ്സിനെയും പിടിച്ചുലച്ചു.

ലോകജനതയ്ക്ക് മുന്നില്‍ ക്യൂബ എന്ന കൊച്ചുരാജ്യത്തെ ശ്രദ്ധാകേന്ദ്രമാക്കിയ കരുത്തുറ്റ നേതാവായിരുന്നു ഫിഡല്‍ കാസ്‌ട്രോ. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ഇച്ഛാശക്തിയുടെ പ്രതീകമായ കാസ്‌ട്രോയുടെ വിപ്ലവത്തിന്റെ ചൂടുംചൂരുമുളള രാഷ്ട്രീയ ജീവിതം ഏറെ സംഭവബഹുലമായിരുന്നു.

രാഷ്ട്രീയനേതൃത്വത്തെക്കുറിച്ചുളള പരമ്പരാഗതസങ്കല്പങ്ങളെ അതിലംഘിക്കുന്ന അപൂര്‍വ്വ വ്യക്തിത്വമാണ് കാസ്‌ട്രോയുടേത്. നാളിതുവരെയുളള ലോകചരിത്രം പരിശോധിച്ചാല്‍, തികച്ചും തനതായൊരു വ്യക്തിത്വം കാസ്‌ട്രോയില്‍ കാണാം. 1959 ജനുവരിയിലാണ് വിപ്ലവവിജയത്തിലൂടെ കാസ്‌ട്രോ ക്യൂബയുടെ അമരക്കാരനായത്. തുടര്‍ന്ന് നീണ്ട 49 വര്‍ഷം ക്യൂബയെ പുരോഗതിയിലേക്ക് നയിച്ച കാസ്‌ട്രോ ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യത്തിന്റെ ഭരണാധികാരിയായ നേതാവെന്ന റെക്കോഡും സ്വന്തമാക്കി.

Malayalam News

Kerala News In English