ഹവാന: ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നു രാജിവച്ചേക്കുമെന്ന് സൂചന. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറി സ്ഥാനം രാജി വയ്ക്കുമെന്നാണ് കാസ്‌ട്രോ സൂചന നല്‍കിയത്.

രാജ്യ ഭരണം സഹോദരനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ റൗള്‍ കാസ്‌ട്രോയെ പൂര്‍ണ്ണമായും ഏല്‍പ്പിക്കാനാണ് കാസ്‌ട്രോയുടെ തീരുമാനം.

‘താന്‍ രോഗാതുരനാണ്. ഇനി സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. പാര്‍ട്ടി ചുമതലകള്‍ കൈമാറിയ ശേഷം വിരമിക്കാനാണ് തന്റെ തീരുമാനം.’ ഹവാനയില്‍ ഒരു സംഘം വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് കാസ്‌ട്രോ തന്റെ രാജി സംബന്ധിച്ച ആലോചന പങ്കുവച്ചത്. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഒരു നിമിഷം പോലും താന്‍ ശങ്കിച്ചു നിന്നിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

79വയസ്സുള്ള അനുജന്‍ റോള്‍ കാസ്‌ട്രോയെ അഭിനന്ദിച്ചുകൊണ്ട് കാസ്‌ട്രോ പറഞ്ഞു,’റോള്‍ കാസ്‌ട്രോയുടെ ഭരണത്തില്‍ ഞാന്‍ സംതൃപ്തനാണ്. വെല്ലുവിളികള്‍ ഒരുപാടുണ്ടായിരുന്നിട്ടും രാജ്യം നല്ലനിലയില്‍ പോകുന്നുണ്ട്.’1959 കമ്മ്യൂണിസ്റ്റ് വിപ്ലവത്തില്‍ അധികാരം നേടി ആറുവര്‍ഷം കഴിഞ്ഞപ്പോഴാണ് കാസ്‌ട്രോ അധികാരത്തില്‍ വന്നത്.

അന്‍പത് വര്‍ഷക്കാലം ക്യൂബ ഭരിച്ച കാസ്‌ട്രോ ശസ്ത്രക്രിയയെ തുടര്‍ന്ന് 2006 ജൂലൈയില്‍ ഭരണം താല്‍ക്കാലികമായി അനുജന്‍ റോള്‍ കാസ്‌ട്രോയ്ക്ക് കൈമാറുകയായിരുന്നു. പിന്നീട് 2008ല്‍ പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വളരെചുരുക്കം വേദികളില്‍ മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു വരികയായിരുന്നു. ഇതിനിടെയാണ് രാജി സംബന്ധിച്ച സൂചന അദ്ദേഹം നല്‍കിയത്.